Cricket
ഇൻഡോറിൽ ദുബെ, ജെയ്‌സ്വാൾ ഷോ; അഫ്ഗാനെ തകർത്ത്  ഇന്ത്യക്ക് ട്വന്റി 20 പരമ്പര
Cricket

ഇൻഡോറിൽ ദുബെ, ജെയ്‌സ്വാൾ ഷോ; അഫ്ഗാനെ തകർത്ത് ഇന്ത്യക്ക് ട്വന്റി 20 പരമ്പര

Web Desk
|
14 Jan 2024 5:01 PM GMT

കഴിഞ്ഞ മാച്ചിൽ തകർത്താടിയ ഓൾറൗണ്ടർ ശിവം ദുബെ 63 റൺസെടുത്ത് പുറത്താകാതെ നിന്നു.

ഇൻഡോർ: യുവതാരങ്ങളുടെ കരുത്തിൽ അഫ്ഗാനിസ്താനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഫ്ഗാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ മറികടന്നു. 68 റൺസുമായി യശ്വസി ജെയ്‌സ്വാൾ ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോററായി. കഴിഞ്ഞ മാച്ചിൽ തകർത്താടിയ ഓൾറൗണ്ടർ ശിവംദുബെ 63 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒരുവിക്കറ്റും നേടി. ഇതോടെ മൂന്ന് ട്വന്റി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മത്സരത്തിന്റെ ഒരുഘട്ടത്തിൽപോലും ഇന്ത്യക്ക് ഭീഷണിയുയർത്താൻ അഫ്ഗാൻ ബൗളർമാർക്കായില്ല.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ അഫ്ഗാൻ ഗുൽബാദിൻ നയീബിന്റെ 57 റൺസ് കരുത്തിൽ 20 ഓവറിൽ 172 റൺസെന്ന ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയിരുന്നു. ആദ്യ ആറ് ഓവറുകളിൽ 50 റൺസ് പിന്നിട്ട അഫ്ഗാൻ വൻ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ പിടിമുറുക്കി. നജിബുള്ള 23, കരിം ജന്നത്ത് 20, മുജീബ് ഉൽ റഹ്‌മാൻ 21 അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്‌കോർ 172 എത്തിയത്. ഇന്ത്യക്കായി അക്‌സർ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. നേരിട്ട ആദ്യ പന്തിൽതന്നെ ക്യാപ്റ്റൻ രോഹിത് ശർമ്മ പൂജ്യനായി മടങ്ങി. എന്നാൽ ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറുടെ റോളിലെത്തിയ യശ്വസി ജെയ്‌സ്വാൾ പവർപ്ലേയിൽ ആഞ്ഞടിച്ചു. 14 മാസത്തിന് ശേഷം ട്വന്റി 20 ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോഹ്ലിയും മികച്ച പിന്തുണ നൽകി. നവീൻ ഉൽ ഹഖിന്റെ ഓവറിൽ ഇബ്രാഹിം സദ്രാന് ക്യാച്ച് നൽകി 29 റൺസുമായി കോഹ്ലി മടങ്ങി. തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ മൊഹാലിയിൽ അവസാനിപ്പിച്ച പ്രകടനം ഇൻഡോറിലും തുടർന്നു. അഫ്ഗാൻ ബൗളർമാരായ നൂർ മുഹമ്മദിനെയും നവീനുൽ ഹഖിനേയും മുജീബുർ റഹ്‌മാനെയും കണക്കിന് പ്രഹരിച്ച ദുബെ നാല് സിക്‌സറും അഞ്ച് ബൗണ്ടറിയും സഹിതമാണ് വിന്നിങ് ഇന്നിങ്‌സ് കളിച്ചത്. ജിതേഷ് ശർമ്മ പൂജ്യത്തിന് പുറത്തായി. ഒൻപത് റൺസുമായി റിങ്കുസിങ് പുറത്താകാതെ നിന്നു.

Similar Posts