ഓസീസിന് രണ്ടു വിക്കറ്റ് നഷ്ടം; നാലാം ടെസ്റ്റില്‍ ഇന്ത്യ പിടി മുറുക്കുന്നു
|ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ആസ്ട്രേലിയയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടം. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 28 ഓവറിൽ രണ്ടു വിക്കറ്റിന് 75 എന്ന നിലയിലാണ് സന്ദർശകർ. 44 പന്തിൽ നിന്ന് 32 റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡും മൂന്നു റൺസെടുത്ത മാർനസ് ലബുഷെയ്നെയുമാണ് പുറത്തായത്. അശ്വിൻ, മുഹമ്മദ് ഷമി എന്നിവർക്കാണ് വിക്കറ്റ്. 27 റണ്‍സുമായി ഉസ്മാൻ ഖ്വാജയും രണ്ടു റണ്‍സുമായി ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.
ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാരെ നിർഭയം നേരിട്ട ട്രാവിസും ഖ്വാജയും 13 ഓവറിൽ തന്നെ സ്കോർ അമ്പത് കടത്തി. ഏഴ് ബൗണ്ടറികളുമായി ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഹെഡിനെ അശ്വിൻ ജഡേജയുടെ കൈയിലെത്തിക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ 61 റൺസ് ചേർത്ത ശേഷമാണ് ഹെഡ് മടങ്ങിയത്.
വൺഡൗണായി എത്തിയ ലബുഷെയ്നെക്ക് താളം കണ്ടെത്താനായില്ല. 20 പന്തിൽ നിന്ന് മൂന്നു റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഒരു മാറ്റവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങിയത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമിലെത്തി. മുൻ മത്സരത്തിൽ കളിച്ച അതേ ടീമാണ് ഓസീസിന്റേത്.