Cricket
India to victory in Perth; Aussies lost three wickets in 12 runs
Cricket

പെർത്തിൽ ഇന്ത്യ വിജയത്തിലേക്ക്; 12 റൺസിനിടെ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടം

Sports Desk
|
24 Nov 2024 10:31 AM GMT

രണ്ട് ദിവസം ശേഷിക്കെ ഓസീസിന് ജയിക്കാൻ 522 റൺസ് കൂടിവേണം

പെർത്ത്: ഇന്ത്യ ഉയർത്തിയ റൺമലയിലേക്ക് ബാറ്റുവീശിയ ആസ്‌ത്രേലിയയക്ക് ബാറ്റിങ് തകർച്ച. പെർത്ത് ടെസ്റ്റിലെ മൂന്നാംദിനം അവസാനിക്കുമ്പോൾ ആതിഥേയർ 12-3 എന്ന നിലയിലാണ്. മൂന്ന് റൺസുമായി ഉസ്മാൻ ഖ്വാജയാണ് ക്രീസിൽ. ഓപ്പണർ നഥാൻ മാക്‌സ്വിനിയേയും(0) മാർക്കസ് ലബുഷൈനയും(3) പുറത്താക്കി ബുംറ ഓസീസിന് കനത്തപ്രഹരമേൽപ്പിച്ചു. നൈറ്റ് വാച്ച്മാനായെത്തിയ പാറ്റ് കമ്മിൻസിനെ(2) മുഹമ്മദ് സിറാജ് പുറത്താക്കി. രണ്ട് ദിവസം ശേഷിക്കെ ഓസീസിന് ജയത്തിലേക്ക് ഇനിയും 522 റൺസ് വേണം.

നേരത്തെ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലിയും ഇന്ത്യക്കായി മൂന്നക്കം തൊട്ടു. 143 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും പറത്തിയ 36 കാരൻ കരിയറിലെ 30ാം ടെസ്റ്റ് സെഞ്ച്വറിയാണ് നേടിയത്. വിക്കറ്റ് നഷ്ടമില്ലാതെ 172 റൺസെന്ന നിലയിൽ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യൻ നിരയിൽ ജയ്‌സ്വാൾ-കെ.എൽ രാഹുൽ കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 200 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് പടുത്തിയർത്തിയ ശേഷം രാഹുൽ(77) മടങ്ങി. എന്നാൽ ദേവ്ദത്ത് പടിക്കലുമായി ചേർന്ന് ജയ്‌സ്വാൾ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. ഹേസൽവുഡിന്റെ ഓവറിൽ സ്മിത്തിന് ക്യാച്ച് നൽകി പടിക്കൽ(25) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന കോഹ് ലി- ജയ്‌സ്വാൾ സഖ്യം സ്‌കോർ 300 കടത്തി. 161 റൺസിൽ നിൽക്കെ ജയ്‌സ്വാൾ പുറത്തായെങ്കിലും അതിവേഗം സ്‌കോർ ഉയർത്തി വിരാട് ഇന്ത്യയെ സുരക്ഷിതസ്ഥാനത്തെത്തിച്ചു. റിഷഭ് പന്ത്(1), ധ്രുവ് ജുറെൽ(1), വാഷിംഗ്ടൺ സുന്ദർ(29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

Similar Posts