വാംഗഡെയിൽ ചരിത്രം: ആസ്ത്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
|ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ഥാന 38 റൺസുമായി പുറത്താകാതെ നിന്നു.
മുംബൈ: ഇന്ത്യയുടെ ലോകകപ്പ് കിരീടധാരണത്തിന് വേദിയായ മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ മറ്റൊരു ചരിത്രനേട്ടം. ആസ്ത്രേലിയക്കെതിരെ ആദ്യടെസ്റ്റ് വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. എട്ട് വിക്കറ്റിനാണ് ഓസീസിനെ കീഴടക്കിയത്. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് വേണ്ടി സ്മൃതി മന്ഥാന 38 റൺസുമായി പുറത്താകാതെ നിന്നു.
ആദ്യ ഇന്നിങ്സിൽ 219 റൺസിന് പുറത്തായ ഓസീസിനെതിരെ സ്മൃതി മന്ഥാനയുടെയും റിചഘോഷിന്റേയും ദീപ്തി ശർമ്മയുടേയും അർദ്ധസെഞ്ചുറി മികവിൽ ഇന്ത്യ 406 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ആസ്ത്രേലിയയുടെ പോരാട്ടം 261 റൺസിൽ അവസാനിച്ചിരുന്നു.
ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എളുപ്പമായി. 75 റൺസിന്റെ വിജയലക്ഷ്യം 18.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഒരാഴ്ച മുൻപ് ഇംഗ്ലണ്ടിനെയും ഇന്ത്യൻ വനിതകൾ കീഴടക്കിയിരുന്നു.