അണ്ടർ 19 ലോകകപ്പ് ഫൈനൽ; ആസ്‌ത്രേലിയക്കെതിരെ ഇന്ത്യക്ക് 254 റൺസ് വിജയ ലക്ഷ്യം
|ഇന്ത്യക്കായി പേസർ രാജ് ലിംബാനി 38 റൺസ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് നേടി
ബനോനി: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 254 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ നിശ്ചിത അൻപത് ഓവറിൽ 253-7 റൺസ് നേടി. 55 റൺസെടുത്ത ഹർജാസ് സിങിന്റേയും 46 റൺസുമായി പുറത്താകാതെ നിന്ന ഒലിവർ പീക്കിന്റേയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹഗ് വെയ്ബ്ജെന്റെയും മികവിലാണ് കങ്കാരുക്കൾ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി പേസർ രാജ് ലിംബാനി 38 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. നവാൻ തിവാരി രണ്ടും സൗമ്യ പാണ്ഡ്യെ, മുഷീർ ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ഓസീസിന്റെ തുടക്കം മോശമായിരുന്നു. പൂജ്യത്തിന് ഓപ്പണർ സാം കൊൻസ്റ്റാസിനെ ലിംബാനി പുറത്താക്കി. 16-1 എന്നനിലയിൽ നിന്ന് ടീമിനെ ക്യാപ്റ്റൻ വെയ്ബ്‌ജെൻ-ഹാരി ഡിക്‌സൻ എന്നിവരുടെ കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. എന്നാൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വൻ ടോട്ടൽ നേടുന്നതിൽ നിന്ന് ഓസീസിനെ പിടിച്ചുനിർത്താൻ ഇന്ത്യക്കായി.
അണ്ടർ 19 ലോകകപ്പിൽ ആറാം കിരിടം തേടിയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്. 2018നുശേഷം ആദ്യമായാണ് ഓസീസ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ആസ്‌ത്രേലിയയുടെ സീനിയർ ടീം ഇന്ത്യയെ തകർത്ത് ആറാം കിരീടം നേടിയിരുന്നു. സീനിയർ ടീമിനേറ്റ തോൽവിക്ക് മറുപടി നൽകുക കൂടിയാണ് കൗമാര താരങ്ങളുടെ ലക്ഷ്യം. ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലിൽ ഏറ്റുമുട്ടുന്നത്.