ആറെണ്ണം വീഴ്ത്തി ബംഗ്ലാദേശ്: പുജാരയിൽ 'പിടിച്ച്' ഇന്ത്യ
|ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെന്ന നിലയിലാണ്
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഉയർച്ചയും താഴ്ചയും. മുൻനിര തകർന്നപ്പോൾ പുജാര നേടിയ ഐതിഹാസിക ഇന്നിങ്‌സിന്റെ ബലത്തിൽ (203 പന്തിൽ 90) ഇന്ത്യ അപകടം ഒഴിവാക്കി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെന്ന നിലയിലാണ്. 82 റൺസുമായി ശ്രേയസ് അയ്യരാണ് ക്രീസിലുള്ളത്.
കൂട്ടുണ്ടായിരുന്ന അക്‌സർ പട്ടേലിന്റെ വിക്കറ്റോടെ(26 പന്തിൽ 14) ഒന്നാം ദിനം സ്റ്റമ്പ് എടുക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ രണ്ടാമതൊന്ന് ആലോചിച്ചില്ല, ബാറ്റെടുത്തു. 41 റൺസ് വരെ ഓപ്പണിങ് കൂട്ടുകെട്ട് നായകൻ ലോകേഷ് രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് കൊണ്ടുപോയി. വ്യക്തിഗത സ്‌കോർ 20ൽ നിൽക്കെ തൈജുൽ ഇസ്ലാം ഗില്ലിനെ പറഞ്ഞയച്ചു. യാസിർ അലിക്കായിരുന്നു ക്യാച്ച്. ഒരുമിച്ച് വന്നവരിലൊരാളെ ബംഗ്ലാദേശ് പിടികൂടിയതോടെ രണ്ടാമനും പെട്ടെന്ന് മടങ്ങി. ടീം സ്‌കോറിലേക്ക് നാല് റൺസ് കൂടി ചേർത്ത് രാഹുൽ കളം വിട്ടു.
ഖലിൽ അഹമ്മദിന്റെ മികച്ചൊരു പന്തിന് രാഹുലിന് ഉത്തരമില്ലായിരുന്നു. സ്റ്റമ്പ് തെറിച്ച് രാഹുൽ മടങ്ങുമ്പോൾ സമ്പാദ്യം 22 റൺസ്. കോഹ്‌ലി വന്നപാടെ മടങ്ങി. അഞ്ച് പന്തുകൾ നേരിട്ട് അക്കൗണ്ട് തുറന്നെങ്കിലും ആറാം പന്തിൽ തൈജുൽ അപകടം വിതച്ചു. കോഹ്ലി വിക്കറ്റിന് മുന്നിൽ കുരുങ്ങി. തലതാഴ്ത്തി ഒരു റണ്‍സുമായ കോഹ്ലി മടങ്ങി. അതോടെ ഇന്ത്യ 48ന് മൂന്ന് എന്ന നിലയിൽ. ഏകദിനത്തിൽ ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ ക്ഷീണം റിഷബ് പന്ത് തീർത്തു. രണ്ട് സിക്‌സറുകളും ആറു ബൗണ്ടറിയും പന്ത് പായിച്ചു. അർദ്ധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ പന്തിനെ പിടികൂടി ബംഗ്ലാദേശ് കളിയിലേക്ക് തിരിച്ചുവന്നു.
46 റൺസെടുത്ത പന്തിനെ ഹസൻ മിറാസാണ് അവസാനിപ്പിച്ചത്. ഇതിനിടെ പൂജാര ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നുണ്ടായിരുന്നു. തലോടി തുടങ്ങിയ ഇന്നിങ്‌സിന് കൂട്ടായി ശ്രേയസ് അയ്യരും. പുജാര ഒരറ്റത്ത് തല്ലിയും തലോടിയും റൺസ് കണ്ടെത്തി. അയ്യരും അടി ഒഴിവാക്കി റണ്‍സ് കണ്ടെത്തി. അതോടെ ഇന്ത്യ മത്സരത്തിലേക്ക് പതിയെ വന്നു. സെഞ്ച്വറിക്ക് അരികെ പുജാരയെ തൈജുൽ ഇസ്ലാം മടക്കി ഇന്ത്യയെ ഞെട്ടിച്ചു. പുജാര മടങ്ങുമ്പോൾ ഇന്ത്യ അഞ്ചിന് 261 എന്ന നിലയിലായിരുന്നു. ആറാം വിക്കറ്റും എളുപ്പം വീഴ്ത്തി ബംഗ്ലാദേശ് ഒന്നാം ദിനം കളി അവസാനിപ്പിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്ലാമാണ് ബംഗ്ലാദേശിനായി തിളങ്ങിയത്. മെഹദി ഹസൻ മിറാസ് രണ്ട് വിക്കറ്റും സ്വന്തമാക്കി.