ആർ അശ്വിന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ, 339-6
|144-6 എന്ന നിലയിൽ തകർച്ച നേരിട്ട സമയത്താണ് അശ്വിൻ-ജഡേജ കൂട്ടുകെട്ട് ഇന്ത്യയുടെ രക്ഷക്കെത്തിയത്.
ചെന്നൈ: ബംഗ്ലദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ആദ്യദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 339-6 എന്ന നിലയിലാണ്. തുടക്കത്തിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷമാണ് ആതിഥേയർ മികച്ച സ്‌കോർ പടുത്തുയർത്തിയത്. എട്ടാമനായി ക്രീസിലെത്തിയ ആർ അശ്വിൻ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയുടേയും യശസ്വി ജയസ്വാളിന്റേയും അർധ സെഞ്ച്വറിയും കരുത്തായി. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ 102 റൺസുമായി അശ്വിനും 86 റൺസോടെ ജഡേജയുമാണ് ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 195 റൺസാണ് കൂട്ടിചേർത്തത്.
Ashwin - 102* (112).
— Mufaddal Vohra (@mufaddal_vohra) September 19, 2024
Jadeja - 86* (117).
Jaiswal - 56 (118).
Pant - 39 (52).
INDIA 339/6 ON DAY 1 STUMPS - THE DAY BELONGS TO ASHWIN AND JADEJA. 🇮🇳 pic.twitter.com/EBDAAlI3eb
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒരുഘട്ടത്തിൽ 144-6 എന്ന സ്‌കോറിൽ വലിയ തകർച്ച നേരിട്ടിരുന്നു. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന അശ്വിൻ-ജഡേജ സഖ്യം ഏകദിന ശൈലിയിൽ ബാറ്റുവീശി സ്‌കോറിംഗ് ഉയർത്തി. ഇന്ത്യക്കായി 38 കാരന്റെ ആറാം സെഞ്ച്വറിയാണ്.
നേരത്തെ മൂടിക്കെട്ടിയ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുക്കാക്കുനുള്ള ബംഗ്ലാദേശ് ക്യാപ്റ്റൻ നജുമുൽ ഹുസൈൻ ഷാന്റോയുടെ തീരുമാനം ശരിവെക്കുന്നവിധത്തിലാണ് ബൗളർമാർ പന്തെറിഞ്ഞത്. ആറാം ഓവറിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ (6)യെ ഹസൻ മെഹ്‌മൂദ് മടക്കി. പിന്നാലെ ശുഭ്മാൻ ഗിലും(0) യുവതാരത്തിന് മുന്നിൽ വീണു. വിരാട് കോഹ് ലി(6) ഋഷഭ് പന്ത്(39) എന്നിവരേയും മടക്കി ഹസൻ മഹമൂദ് നാല് വിക്കറ്റ് വീഴ്ത്തി. ലഞ്ചിന് പിന്നാലെ അർധ സെഞ്ചുറി തികച്ച യശസ്വി ജയ്‌സ്വാളും(56) തുടർന്ന് കെ എൽ രാഹുലും(16) മടങ്ങിയതോടെ ഇന്ത്യ 144-6 ലേക്ക് കൂപ്പുകുത്തി. എന്നാൽ അശ്വിൻ-ജഡേജ സഖ്യം ഇന്ത്യയെ 300 കടത്തി.