Cricket
ഹാർദിക് പാണ്ഡ്യ റിട്ടേൺസ്; ബംഗ്ലാദേശിനെ 50 റൺസിന് തകർത്ത് ഇന്ത്യ
Cricket

ഹാർദിക് പാണ്ഡ്യ റിട്ടേൺസ്; ബംഗ്ലാദേശിനെ 50 റൺസിന് തകർത്ത് ഇന്ത്യ

Sports Desk
|
22 Jun 2024 2:31 PM GMT

സൂപ്പർ എയ്റ്റിൽ തുടർച്ചയായി രണ്ടാം ജയം നേടിയതോടെ രോഹിതും സംഘവും സെമി ഉറപ്പിച്ചു.

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 50 റൺസിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 146ൽ അവസാനിച്ചു. അർധ സെഞ്ച്വറിയും ഒരുവിക്കറ്റും വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. 27 പന്തിൽ നാല് ഫോറും മൂന്ന് സിക്സറുമായി 50 റൺസുമായി പാണ്ഡ്യ പുറത്താകാതെ നിന്നു. തുടർച്ചയായ രണ്ടാം ജയത്തോടെ ആസ്‌ത്രേലിയക്കെതിരായ മത്സരത്തിന് മുൻപായി ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു.

കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർ 35ൽ നിൽക്കെ ലിട്ടൻദാസിനെ(13) നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച താരത്തെ സൂര്യകുമാർ കൈയിലൊടുക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ-തൻസിദ് ഹസൻ കൂട്ടുകെട്ട് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയെങ്കിലും റൺറേറ്റ് ഉയർത്താനായില്ല. തൻസിദിനെ വിക്കറ്റിന് മുന്നിൽകുരുക്കി(29) കുൽദീപ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. ഒരറ്റത്ത് ഷാന്റോ ഉറച്ച് നിന്നെങ്കിലും മറ്റുതാരങ്ങൾക്കൊന്നും പിടിച്ചുനിൽക്കാനായില്ല. തൗഹിദ് ഹൃദോയ്(4), ഷാക്കിബ് അൽ ഹസൻ(11), മുഹമ്മദുല്ല(13), ജാകർ അലി(1), റിഷാദ് ഹുസൈൻ(24) എന്നിവരെല്ലാം വേഗത്തിൽ കൂടാരം കയറി. 40 റൺസുമായി ഷാന്റോയാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും അർഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റും വീഴ്ത്തി.

വിവിയർ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസ് നേടിയത്. ഹാർദികിന് പുറമെ വിരാട് കോഹ്‌ലി 28 പന്തിൽ 37, ഋഷഭ് പന്ത് 24 പന്തിൽ 36, ശിവം ദുബെ 24 പന്തിൽ 34 എന്നിവരും മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനായി റിഷാദ് ഹുസൈനും തൻസിം ഹസനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പണിങ് സഖ്യം ആദ്യമായി ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്നാം വിക്കറ്റിൽ കോഹ്ലിയും രോഹിതും ചേർന്ന് 39 റൺസെടുത്തു. 11 പന്തിൽ 23 റൺസെടുത്ത രോഹിത് ശർമയെ ഷാക്കിബ് അൽ ഹസൻ പുറത്താക്കി. കഴിഞ്ഞ മാച്ചിലെ ഹീറോ സൂര്യ കുമാർ യാദവ്(6) വേഗത്തിൽ കൂടാരം കയറിയെങ്കിലും മധ്യനിര അവസരത്തിനൊത്തുയർന്നതോടെ ഇന്ത്യ സ്‌കോർ 200ന് അടുത്തെത്തി.

Similar Posts