സഞ്ജു തുടങ്ങി,ഫിനിഷ് ചെയ്ത് പാണ്ഡ്യ; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
|അരങ്ങേറ്റ മത്സരം കളിച്ച പേസർ മയങ്ക് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി.
ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ഗ്വാളിയോർ മാധവറാവു സിന്ധ്യ സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് വിജയലക്ഷ്യമായ 128 റൺസ് 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണിങ് റോളിൽ ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ 19 പന്തിൽ 29 റൺസെടുത്തു. 16 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സറും സഹിതം 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 14 പന്തിൽ 29 റൺസും അഭിഷേക് ശർമ 7പന്തിൽ 16 റൺസുമായി പുറത്തായി.
സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപ്പണിങ് സഖ്യം ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. ബൗണ്ടറിയും സിക്‌സറുമായി ഇരുവരും സ്‌കോറിങ് വേഗമുയർത്തി. അഭിഷേക് ശർമ ഔട്ടായശേഷം ഒത്തുചേർന്ന സഞ്ജു-സൂര്യകുമാർ യാദവ് കൂട്ടുകെട്ടും റൺറേറ്റ് ഉയർത്തി. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ-നിതീഷ് കുമാർ റെഡ്ഡി കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലെത്തിച്ചു. കന്നി മത്സരം കളിച്ച നിതീഷ് കുമാർ റെഡ്ഡി 16 റൺസുമായി പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറിൽ തന്നെ ലിട്ടൻദാസിന്റെ(4) വിക്കറ്റ് നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വലിയ ഷോട്ടിന് ശ്രമിച്ച താരത്തെ റിങ്കുസിങ് കൈപിടിയിലൊതുക്കി. തൊട്ടുപിന്നാലെ പർവേസ് ഹുസൈൻ ഇമോനെ(8)യും പുറത്താക്കി അർഷ്ദീപ് സന്ദർശകർക്ക് ഇരട്ടപ്രഹരം നൽകി. എന്നാൽ നജ്മുൽ ഹൊസൈൻ ഷാന്റോ (27 പന്തിൽ 25)യും മെഹ്ദി ഹസൻ മിറാസും( 32 പന്തിൽ 35) ചേർന്ന് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.
തൗഹീദ് ഹൃദോയ്(12), മഹമുദുള്ള(1), ജാകർ അലി(8), റിഷാദ് ഹുസൈൻ(11) എന്നിവർ വേഗത്തിൽ പുറത്തായി. ഇന്ത്യക്കായി സ്പിന്നർ വരുൺ ചക്രവർത്തിയും അർഷ് ദീപ് സിങും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കായി ആദ്യമത്സരം കളിച്ച പേസർ മയങ്ക് യാദവ് ഒരു വിക്കറ്റ് നേടി. ആദ്യ ഓവർ മെയ്ഡിനാക്കിയ യുവതാരം രണ്ടാം ഓവറിൽ മഹമുദുള്ളയെ വാഷിങ്ടൺ സുന്ദറിന്റെ കൈകളിലെത്തിക്കുകയായിരുന്നു.