ബംഗ്ലാദേശിനെതിരായ ടി20; സഞ്ജു ഓപ്പണറായേക്കും, സൂചന നൽകി സൂര്യകുമാർ യാദവ്
|നാളെ രാത്രി ഏഴിന് ഗ്വാളിയോറിലാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരം
ഗ്വാളിയോർ: ടെസ്റ്റ് പരമ്പര തൂത്തുവാരിയ ശേഷം ബംഗ്ലാദേശിനെതിരെ ടി20 പരമ്പര പിടിക്കാൻ ടിം ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മാച്ച് നാളെ രാത്രി ഏഴിന് ഗ്വാളിയോർ മാധവറാവു സിന്ധ്യ സ്‌റ്റേഡിയത്തിലാണ്. മത്സരത്തിന് മുന്നോടിയായി ആരാകും ഓപ്പണിങ് റോളിൽ എന്നകാര്യത്തിൽ സംശയമുയർന്നിരുന്നു. സ്ഥിരം ഓപ്പണർമാരായ ശുഭ്മാൻ ഗില്ലിനും യശസ്വി ജയ്‌സ്വാളിനും വിശ്രമമനുവദിച്ചതിനാൽ ഇന്ത്യൻ മാനേജ്‌മെന്റിന് നാളത്തെ മത്സരത്തിൽ പുതിയ ഓപ്പണിങ് ജോഡിയെ കണ്ടെത്തേണ്ടിവരും.
മത്സരത്തിന് ഒരു ദിവസം ബാക്കിനിൽക്കെ അക്കാര്യത്തിൽ സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഭിഷേക് ശർമക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഐ.പി.എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണറായി 24 കാരൻ ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. എന്നാൽ ഓപ്പണിങിൽ സഞ്ജു അധികം കളത്തിലിറങ്ങിയിരുന്നില്ല.
Suryakumar Yadav confirms SANJU SAMSON & ABHISHEK SHARMA will open in the first T20I. 🔥 [PTI] pic.twitter.com/8MqLPEJm99
— Johns. (@CricCrazyJohns) October 5, 2024
കഴിഞ്ഞ ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരത്തിൽ സഞ്ജുവിനെ ഓപ്പണിങ് റോളിൽ പരീക്ഷിച്ചെങ്കിലും ഫോമിലേക്കുയരാനായിരുന്നില്ല. രാജസ്ഥാൻ റോയൽസിൽ വൺഡൗൺ പൊസിഷനിലാണ് താരം കൂടുതലും ഇറങ്ങിയത്. എന്നാൽ ദേശീയ ടീമിൽ സൂര്യയുടെ സ്ഥിരം സ്ഥാനമായതിനാൽ സഞ്ജുവിന് ഇവിടെ അവസരം ലഭിക്കാനുള്ള സാധ്യതയില്ല. പിന്നീട് ബാറ്റിങ് ഓർഡറിൽ റയാൻ പരാഗിനും ഹാർദിക് പാണ്ഡ്യക്കുമായിരിക്കും പരിഗണന. ഇതോടെയാണ് ഓപ്പണിങ് സ്ഥാനത്തേക്ക് തന്നെ സഞ്ജുവിനെ വീണ്ടും പരീക്ഷിക്കാൻ ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നത്.
സഞ്ജു അല്ലെങ്കിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, റയാൻ പരാഗ് എന്നിവരിലാരെങ്കിലും ഓപ്പണിങ് റോളിലെത്തുമെന്നും റിപ്പോർട്ടുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ ഒൻപതിന് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന ടി20 ഒക്ടോബർ 12ന് ഹൈദരാബാദ് രാജീഗ് ഗാന്ധി സ്‌റ്റേഡിയത്തിലും നടക്കും.