വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ ജയം; പാകിസ്താനെ തകർത്തത് 6 വിക്കറ്റിന്
|മലയാളി താരം സജന സജീവനാണ് വിജയറൺ നേടിയത്.
ദുബൈ: വനിതാ ടി 20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെ തകർത്ത് ആദ്യജയം സ്വന്തമാക്കി ഇന്ത്യ. ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ മറികടന്നു. 35 പന്തിൽ 32 റൺസെടുത്ത ഷഫാലി വർമ ടോപ് സ്കോററായി.
INDIA ARE BACK...!!!! 🇮🇳HARMANPREET KAUR & HER TEAM DEFEATED PAKISTAN IN THE T20 WORLD CUP 💪 pic.twitter.com/F0qsd0m11L
— Johns. (@CricCrazyJohns) October 6, 2024
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്താന്റെ തുടക്കം മോശമായിരുന്നു. സ്കോർബോർഡിൽ ഒരു റൺസ് തെളിയുമ്പോഴേക്ക് ആദ്യ വിക്കറ്റ് വീണു. ഗുൽ ഫെറോസയെ(0) ഇന്ത്യൻ താരം രേണുക സിങ് ക്ലീൻബൗൾഡാക്കി. തൊട്ടുപിന്നാലെ സിദ്ര അമീനെ(8) മടക്കി ദീപ്തി ശർമയും ഒമെയ്മ സുഹൈലിനെ(3) ഷഫാലി വർമയുടെ കൈകളിലെത്തിച്ച് അരുന്ധതി റെഡ്ഡിയും ഇരട്ടപ്രഹരം നൽകി. പവർപ്ലെയിൽ മൂന്ന് വിക്കറ്റ് നഷ്ടമായ പാകിസ്താന് പിന്നീട് തിരിച്ചുവരാനായില്ല. തുടരെ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിമുറുക്കി. 28 റൺസെടുത്ത നിത ധറാണ് ടോപ് സ്കോററർ. ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. മലയാളി താരം ആശ ശോഭന ഒരു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങിൽ സ്കോർ 18 റൺസിൽ നിൽക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സ്മൃതി മന്ഥാനയെ(7) സാദിയ ഇഖ്ബാൽ തുബ ഹസ്സന്റെ കൈകളിലെത്തിച്ചു. എന്നാൽ ഷഫാലി വർമയും(35 പന്തിൽ 32) ജെമിയ റോഡ്രിഗസും(28 പന്തിൽ 23) തമ്മിലുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിന്റെ രക്ഷക്കെത്തി. ഷഫാലി വർമ പുറത്തായെങ്കിലും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(24 പന്തിൽ 29) ഇന്ത്യയെ വിജയതീരമണയിച്ചു. മലയാളി താരം സജന സജീവനാണ് വിജയറൺ നേടിയത്.