Cricket
Jaiswal and Rohit turn Test into T20; Batting fireworks about the record against Bangladesh
Cricket

ടെസ്റ്റിനെ ടി20യാക്കി ജയ്‌സ്വാളും രോഹിതും; ബംഗ്ലാദേശിനെതിരെ റെക്കോർഡ് കുറിച്ച് ബാറ്റിങ് വെടിക്കെട്ട്

Sports Desk
|
30 Sep 2024 9:46 AM GMT

ടെസ്റ്റിൽ അതിവേഗത്തിൽ 50 റൺസ് സ്വന്തമാക്കിയ ഇന്ത്യ 100 റൺസിലെത്താനെടുത്തത് വെറും 61 പന്തുകളായിരുന്നു

കാൺപൂർ: മഴമാറി നാലാംദിനം കളി ആരംഭിച്ചപ്പോൾ ഇന്ത്യൻ ബാറ്റിങ് പൂരം. ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ആദ്യ ഇന്നിങ്‌സിൽ ആതിഥേയരുടെ വെടിക്കെട്ട് പ്രകടനം. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ക്യാപ്റ്റൻ രോഹിത് ശർമയും ടി20 മാതൃകയിൽ അടിച്ചുകളിച്ചപ്പോൾ റെക്കോർഡുകൾ വഴിമാറി. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സ് സ്‌കോറായ 233 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ മൂന്ന് ഓവറിൽ അൻപത് കടത്തി. ഈ വർഷം നോട്ടിങ്ഹാമിൽ വെസ്റ്റിൻഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറിൽ ചേർത്ത 50 റൺസ് ഓപ്പണിങ് കൂട്ടുകെട്ടാണ് മറികടന്നത്. വെടിക്കെട്ട് ബാറ്റിങ് ഇവിടംകൊണ്ടും തീർന്നില്ല.

രോഹിത് പുറത്തായതോടെ ശുഭ്മാൻ ഗില്ലുമായി ചേർന്ന് അതിവേഗത്തിൽ 100 റൺസും ഇന്ത്യൻ സ്‌കോറിൽ ചേർത്തു. 10.1 ഓവറിലാണ് ആതിഥേയർ മൂന്നക്കം തൊട്ടത്. 2023ൽ പോർട്ട് ഓഫ് സ്‌പെയിനിൽ വെസ്റ്റിൻഡീസിനെതിരെ 12.2 ഓവറിൽ ഇന്ത്യ തന്നെ പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് മറികടന്നത്. 3.5 ഓവറിൽ 55 റൺസിൽ നിൽക്കെയാണ് രോഹിത് പുറത്തായത്. 11 പന്തിൽ ഒരു ഫോറും മൂന്ന് സിക്‌സറും സഹിതം 23 റൺസായിരുന്നു സമ്പാദ്യം. 51 പന്തിൽ 12 ഫോറും രണ്ട് സിക്‌സറും സഹിതം 72 റൺസെടുത്ത് ജയ്‌സ്വാളും ഔട്ടായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 136-2 എന്ന നിലയിലാണ്. 37 റൺസുമായി ശുഭ്മാൻ ഗില്ലും നാല് റൺസുമായി ഋഷഭ് പന്തുമാണ് ക്രീസിൽ.

നേരത്തെ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സ് 233 റൺസിൽ അവസാനിച്ചിരുന്നു. സെഞ്ച്വറി നേടിയ മൊമിനുൽ ഹഖാണ് ടോപ് സ്‌കോററർ. 17 ഫോറും ഒരു സിക്‌സറും സഹിതമാണ് മൂന്നക്കം തൊട്ടത്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Similar Posts