ഏഴു വിക്കറ്റുകൾ വീണു; ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക്
|നാല് വിക്കറ്റ് വീഴ്ത്തിയ ടോം ഹാർട്ട്ലിക്ക് മുന്നിലാണ് ഇന്ത്യയുടെ മുൻനിര വീണത്
ഹൈദരാബാദ്: ഒന്നാം ഇന്നിങ്സിൽ 190 റൺസ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോൾ കളി ഇന്ത്യയുടെ കയ്യിൽ നിന്നും പോയ നിലയിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യയുടെ ഏഴ് വിക്കറ്റുകൾ നഷ്ടമായി.
ജയിക്കാൻ ഇനിയും 107 റൺസ് കൂടി വേണം. കെ.എസ് ഭരത്, രവിചന്ദ്രന് അശ്വിന് എന്നിവരാണ് ക്രീസിൽ. 231 റൺസാണ് ഇന്ത്യക്ക് മുന്നിൽ ഇംഗ്ലണ്ട് വിജയലക്ഷ്യമായി മുന്നോട്ടുവെച്ചത്. ഇംഗ്ലണ്ട് നന്നായി ബാറ്റ് വീശിയപ്പോൾ ബാറ്റിങ് ട്രാക്കാണെന്ന് കരുതിയിരുന്നുവെങ്കിലും കാര്യങ്ങൾ അങ്ങനെ അല്ലായിരുന്നു. ഇംഗ്ലണ്ട് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ വഴുതി വീഴുകയായിരുന്നു.
231 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 42 റൺസ് വരെ വിക്കറ്റ് പോകാതെ നിന്നെങ്കിലും പിന്നെ പാളി. യശസ്വി ജയ്സ്വാളിനെ ടോം ഹാറ്റ്ലി ഒലിപോപ്പിന്റെ കൈകളിൽ എത്തിച്ചു. അതേ സ്കോറിൽ തന്നെ ശുഭ്മാൻ ഗില്ലിനെയും മടക്കി ഹാറ്റ്ലി ഇന്ത്യക്ക് രണ്ടാം പ്രഹരം നൽകി. അക്കൗണ്ട് തുറക്കുംമുമ്പെ ഒല്ലിപോപ്പിന്റെ തന്നെ ക്യാച്ചിലായിരുന്നു ഗില്ലിന്റെ മടക്കം. പിന്നെ കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീണു.
മികച്ചൊരു കൂട്ടുകെട്ട് പിറക്കാതെ വന്നതോടെ ഇന്ത്യ 107ന് അഞ്ച് എന്ന നിലയിൽ എത്തി. 39 റൺസ് നേടിയ രോഹിത് ശർമ്മയാണ് ടോപ് സ്കോറർ. കെ.എൽ രാഹുൽ 22 റൺസ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ടോം ഹാർട്ലിയാണ് ഇന്ത്യയെ എളുപ്പത്തിൽ വീഴ്ത്തിയത്.
196 റൺസാണ് ഒലി പോപ് അടിച്ചെടുത്തത്. ഡബിൾ സെഞ്ച്വറിക്ക് നാല് റൺസ് അകലെ ബുംറയാണ് പോപിനെ മടക്കിയത്. പോപിന്റെ ഒറ്റയാൾ പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ലീഡ് നേടിക്കൊടുത്തത്. മറ്റു ഒരു ബാറ്റർപോലും അർധ സെഞ്ച്വറി നേടിയില്ല എന്നിടത്ത് നിന്നാണ് പോപിന്റെ ഇന്നിങിസിനെ വേറിട്ട് നിർത്തുന്നത്. ഒന്നാം ഇന്നിങ്സിൽ 246 റൺസിനാണ് ഇംഗ്ലണ്ട് ഓൾഔട്ടായത്. രണ്ടാം ഇന്നിങ്സിൽ എടുത്തത് 420 റൺസും. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 436നാണ് അവസാനിച്ചത്