ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി അശ്വിൻ; ധരംശാലയിൽ ഇന്ത്യൻ വിജയഗാഥ
|കുൽദീപ് യാദവിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സൺ 700 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കി
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ ജയം. ഇന്നിംഗ്സിനും 64 റൺസിനുമാണ് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. സ്കോർ: ഇംഗ്ലണ്ട് 218, 195 & ഇന്ത്യ 477. ധരംശാല ടെസ്റ്റ് കൂടി വിജയിച്ചതോടെ 4-1ന് പരമ്പര സ്വന്തമാക്കി. നൂറാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടിയ ആർ അശ്വിനാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യ ഇന്നിങ്സിൽ നാലുവിക്കറ്റും പിഴുതിരുന്നു. പരമ്പരയിൽ ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ സാധിച്ചിരുന്നത്. യുവതാരം യശസ്വി ജയ്സ്വാളാണ് പരമ്പരയിലെ താരം. കുൽദീപ് യാദവ് കളിയിലെ താരമായി.
രണ്ടാം ഇന്നിംഗ്സിൽ ത്രീലയൺസ് നിരയിൽ ജോ റൂട്ടിന് (84) മാത്രമാണ് പിടിച്ചുനിൽക്കാൻ സാധിച്ചത്. ജോണി ബെയർസ്റ്റോ (39), ഒല്ലി പോപ് (19), ടോം ഹാർട്ലി (20), ഷൊയ്ബ് ബഷീർ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ജെയിംസ് ആൻഡേഴ്സൺ (0) പുറത്താവാതെ നിന്നു. അശ്വിന് പുറമെ ജസ്പ്രിത് ബുംറ , കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
That series winning feeling 😃#TeamIndia 🇮🇳 complete a 4⃣-1⃣ series victory with a remarkable win 👏👏
— BCCI (@BCCI) March 9, 2024
Scorecard ▶️ https://t.co/OwZ4YNua1o#INDvENG | @IDFCFIRSTBank pic.twitter.com/vkfQz5A2hy
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 477ൽ അവസാനിച്ചിരുന്നു. കുൽദീപ് 30 റൺസും ബുംറ 20 റൺസുമെടുത്ത് പുറത്തായി. ഇതിനിടെ ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്സൺ 700 ടെസ്റ്റ് വിക്കറ്റുകൾ തികച്ചു. ഷുഐബ് ബഷീർ അഞ്ചുവിക്കറ്റുമായി തിളങ്ങി. 259 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ബാറ്റിങ് തുടങ്ങിയ സന്ദർശർക്ക് ഒരുഘട്ടത്തിൽ പോലും പിടിച്ച് നിൽക്കാനായില്ല. എഴുന്നൂറ് വിക്കറ്റ് ക്ലബിലെത്തുന്ന ആദ്യ പേസറാണ് ആൻഡേഴ്സൺ. ഇംഗ്ലണ്ടിനായി സ്പിന്നർ ഷൊയൈബ് ബഷീർ അഞ്ച് വിക്കറ്റുകൾ പിഴുതു. ആൻഡേഴ്സണിന് പുറമെ ടോം ഹാർട്ലിയും രണ്ട് വിക്കറ്റ് പേരിലാക്കി.
നേരത്തെ, നായകനും ഓപ്പണറുമായ രോഹിത് ശർമ്മ (103), ശുഭ്മാൻ ഗിൽ (110) എന്നിവരുടെ സെഞ്ചുറികളാണ് ടീം ഇന്ത്യക്ക് മികച്ച സ്കോറൊരുക്കിയത്. യശസ്വി ജയ്സ്വാൾ (57), ദേവ്ദത്ത് പടിക്കൽ (65), സർഫറാസ് ഖാൻ (56) എന്നിവർ അർധസെഞ്ചുറികൾ നേടി. നേരത്തെ ഇംഗ്ലണ്ട് 218 റൺസിൽ പുറത്തായപ്പോൾ 79 റൺസ് നേടിയ സാക്ക് ക്രോലിയാണ് ടോപ് സ്കോറർ. പ്രധാന താരങ്ങൾ ഇല്ലാതിരുന്നിട്ടും പരമ്പര ആധികാരികമായി സ്വന്തമാക്കാനായത് ക്യാപ്റ്റൻ രോഹിത് ശർമ്മക്കും നേട്ടമായി. ഇതുവരെ 16 ടെസ്റ്റ് മത്സരങ്ങളിൽ നായകസ്ഥാനം ഏറ്റെടുത്ത ഹിറ്റ്മാൻ 10ലും വിജയത്തിലെത്തിച്ചു.