വഴിമാറി വിരാട് കോഹ്‌ലിയും; ഇംഗ്ലണ്ടിനെതിരെ അപൂർവ്വ നേട്ടം സ്വന്തമാക്കി ജയ്‌സ്വാൾ
|9 ഇന്നിങ്‌സുകളിൽ നിന്നായി 93.71 ശരാശരിയിൽ 656 റൺസ് നേടിയാണ് താരം മുന്നേറുന്നത്.
ധരംശാല: സമീപകാലത്ത് ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനാണ് യശസ്വി ജയ്‌സ്വാൾ. ഇംഗ്ലണ്ട് പര്യടനത്തിൽ ഡബിൾ സെഞ്ചുറിയടക്കം സ്വന്തമാക്കിയ യുവതാരത്തിന്റെ ചിറകിലേറിയാണ് ഇന്ത്യ പല ടെസ്റ്റിലും വിജയം സ്വന്തമാക്കിയത്. ധരംശാല ടെസ്റ്റിലും മികവ് തുടരുകയാണ് ഈ 22 കാരൻ.
ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായാണ് ജയ്‌സ്വാൾ മാറിയത്. 9 ഇന്നിങ്‌സുകളിൽ നിന്നായി 93.71 ശരാശരിയിൽ 656 റൺസ് നേടിയാണ് താരം മുന്നേറുന്നത്. 2016-17ൽ എട്ട് ഇന്നിങ്‌സുകളിൽ നിന്നായി വിരാട് കോഹ്‌ലി നേടിയ 655 റൺസ് പ്രകടനമാണ് പഴങ്കഥയാക്കിയത്. 2002ൽ 6 ഇന്നിങ്‌സിൽ നിന്നായി 602 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് മൂന്നാമത്. മറ്റു രണ്ടും ഇന്ത്യൻ പിച്ചിലാണെങ്കിൽ, എവേമാച്ചിലാണ് ദ്രാവിഡിന്റെ പ്രകടനമെന്നത് ശ്രദ്ധേയമാണ്. മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞദിവസം പുറത്തുവന്ന ഐസിസി ടെസ്റ്റ് റാങ്കിങിൽ ആദ്യ പത്തിൽ ജയ്‌സ്വാൾ ഇടം പിടിച്ചിരുന്നു.
അതേസമയം, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 218 റൺസിന് മറുപടിയായി ബാറ്റിങ് തുടങ്ങിയ ആതിഥേയർ വിക്കറ്റ് നഷ്ടമാകാതെ 66 റൺസെടുത്തു. 38 റൺസുമായി രോഹിത് ശർമ്മയും 28 റൺസുമായി ജയ്‌സ്വാളുമാണ് ക്രീസിൽ. നേരത്തെ കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് മികവിലാണ് ത്രീലയൺസിനെ ഇന്ത്യ തകർത്തത്. നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ ആർ അശ്വിൻ നാല് വിക്കറ്റുമായി ആദ്യദിനം അവിസ്മരണീയമാക്കുകയും ചെയ്തു. ഇംഗ്ലണ്ട് നിരയിൽ സാക് ക്രൗലിക്ക് മാത്രമാണ് (79)പിടിച്ചുനിൽക്കാനായത്. ഒരു ഘട്ടത്തിൽ 175ന് മൂന്ന് എന്ന സ്‌കോറിൽ നിന്നാണ് സന്ദർശകർ തകർന്നടിഞ്ഞത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തെ (3-1) സ്വന്തമാക്കിയിരുന്നു.