രോഹിതിനും ഗിലിനും സെഞ്ചുറി; ധരംശാല ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്, മികച്ച സ്‌കോറിലേക്ക്
|ഏകദിന ശൈലിയിലാണ് ഇന്ത്യൻ താരങ്ങൾ ബാറ്റുവീശിയത്.
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ബാസ്‌ബോൾ ശൈലിയിൽ തിരിച്ചടിച്ച് ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗിലിന്റേയും സെഞ്ചുറി കരുത്തിൽ രണ്ടാം ദിനം ആതിഥേയർ ലീഡ് സ്വന്തമാക്കി. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 264-1 എന്ന നിലയിലാണ്. 158 പന്തുകൾ നേരിട്ട രോഹിത്, 13 ബൗണ്ടറികളും മൂന്ന് സിക്‌സറും സഹിതമാണ് മൂന്നക്കം തികച്ചത്. തൊട്ടടുത്ത പന്തിൽ സിക്‌സർ പായിച്ച് സെഞ്ചുറി തികച്ച ഗിൽ 142 പന്തുകളാണ് നേരിട്ടത്. പത്ത് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതമാണ് മൂന്നക്കം തികച്ചത്. ഇരുവരും രണ്ടാംവിക്കറ്റിൽ 160 റൺസ് കൂട്ടിചേർത്തു.
135-1 എന്ന സ്‌കോറിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ബാസ്‌ബോൾ ശൈലിയിൽ തകർത്തടിച്ചാണ് ബാറ്റ് ചെയ്തത്. ത്രീലയൺസിന്റെ സ്പിന്നർമാരായ ടോം ഹാർട്‌ലിയേയും ഷുഐബ് ബഷീറിനേയും കണക്കിന് പ്രഹരിച്ച് രോഹിത്-ഗിൽ കൂട്ടുകെട്ട് ആദ്യ സെഷനിൽതന്നെ ലീഡിലേക്കെത്തിച്ചു. അർധസെഞ്ചുറി തികച്ച യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ്(57) ആദ്യദിനം നഷ്ടമായിരുന്നു. ഷുഐബ് ബഷീറിനെ തുടർച്ചയായി മൂന്ന് തവണ സിക്‌സിന് പറത്തിയ യശസ്വി 56 പന്തിലാണ് അർധസെഞ്ചുറിയിലെത്തിയത്. ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന നേട്ടത്തിൽ യശസ്വി (712) വിരാട് കോലിയെ(692) മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. സുനിൽ ഗവാസ്‌കർ(774, 732) മാത്രമാണ് യുവതാരത്തിന് മുന്നിലുള്ളത്.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ സ്പിൻ കെണിയിൽ വീഴുകയായിരുന്നു. കുൽദീപ് യാദവ് അഞ്ചുവിക്കറ്റും നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിൻ നാല് വിക്കറ്റും സ്വന്തമാക്കി. 71 റൺസെടുത്ത ഓപ്പണർ സാക്ക് ക്രോലിക്ക് മാത്രമാണ് പിടിച്ചുനിൽക്കാനായത്.