Cricket
നിങ്ങളാണ് ഹീറോ, മുന്നിൽ നടക്കൂ, അശ്വിനോട് കുൽദീപ്; നിരസിച്ച കുൽദീപിന് പന്തു തിരികെ നൽകി താരം- വീഡിയോ
Cricket

'നിങ്ങളാണ് ഹീറോ, മുന്നിൽ നടക്കൂ', അശ്വിനോട് കുൽദീപ്; നിരസിച്ച കുൽദീപിന് പന്തു തിരികെ നൽകി താരം- വീഡിയോ

Web Desk
|
8 March 2024 5:32 AM GMT

അഞ്ച് വിക്കറ്റുമായി സന്ദർശകരെ തകർത്തെറിഞ്ഞ സഹതാരത്തോട് ടീമിനെ ഡ്രസ്സിംഗ് റൂമിലേക്ക് നയിക്കാൻ അശ്വിൻ ആവശ്യപ്പെടുകയായിരുന്നു.

ധരംശാല: അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 218 റൺസിന് പുറത്താക്കി ഡ്രസിങ് റൂമിലേക്ക് മടങ്ങവെ അപൂർവ്വ കാഴ്ചകൾക്കാണ് ധരംശാല സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിനും അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ച കുൽദീപ് യാദവുമായുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

അഞ്ച് വിക്കറ്റുമായി സന്ദർശകരെ തകർത്തെറിഞ്ഞ കുൽദീപ് യാദവിനോട് ടീമിനെ ഡ്രസ്സിംഗ് റൂമിലേക്ക് നയിക്കാൻ അശ്വിൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സ്‌നേഹത്തോടെ നിരസിച്ച കുൽദീപ് പന്ത് തിരികെ വെറ്ററൻ താരത്തിന് തന്നെ നൽകി. നൂറാം ടെസ്റ്റ് കളിക്കുന്ന സീനിയർ താരത്തിനോടുള്ള ആദരമായിരുന്നു കുൽദീപ് പ്രകടിപ്പിച്ചത്. എന്നാൽ നിർബന്ധിച്ച് പന്ത് തിരിച്ചു നൽകിയ അശ്വിൻ, ഞാനത് 35 തവണ ചെയ്തിട്ടുണ്ട്. ഇത്തവണ നിന്റെ ഊഴമാണെന്ന് പറയുകയും ചെയ്തു. സഹ താരങ്ങൾ ഇരുവരുടേയും സൗഹൃദ സംഭാഷണം ആസ്വദിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. അശ്വിൻ നാലുവിക്കറ്റും കുൽദീപ് അഞ്ചുവിക്കറ്റുമാണ് നേടിയത്. ആദ്യ ദിനത്തിലെ മികച്ച കാഴ്ചകളിലൊന്നായിമാറിയിത്.

സാധാരണഗതിയിൽ ടീമിനായി ഏറ്റവും കൂടുതൽ റൺസടിക്കുന്ന താരമോ വിക്കറ്റ് വീഴ്ത്തുന്ന ബൗളറോ ആണ് ഗ്രൗണ്ട് വിടുമ്പോൾ ടീമിനെ മുന്നിൽ നടക്കാറുള്ളത്. വർഷങ്ങളായി തുടരുന്ന പതിവ് തെറ്റിക്കരുതെന്ന് അശ്വിൻ കുൽദീപിനോട് പറഞ്ഞു. അശ്വിന്റെ നിർബന്ധത്തിന് ഒടുവിൽ കുൽദീപ് വഴങ്ങി. നേരത്തെ ഫീൽഡിങിന് ഇറങ്ങുന്നതിന് മുൻപ് ഇന്ത്യൻ താരങ്ങൾ അശ്വിന് ഗാർഡ് ഓഫ് ഓണർ ഒരുക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 218ന് മറുപടി ബാറ്റിങ് തുടങ്ങിയ ആതിഥേയർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 207-1 എന്ന നിലയിലാണ്. രോഹിത് ശർമ്മ 81 റൺസുമായും ശുഭ്മാൻ ഗിൽ 65 റൺസുമായും ക്രീസിലുണ്ട്.

Similar Posts