നിർണായക മാറ്റവുമായി ഇംഗ്ലണ്ട്; രാജ്‌കോട്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു
|ബെൻ സ്റ്റോക്ക്‌സിന്റെ നൂറാമത് ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രാജ്‌കോട്ട് മത്സരത്തിനുണ്ട്.
രാജ്‌കോട്ട്: ഇന്ത്യക്കെതിരെ നാളെ നടക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. കഴിഞ്ഞ ടെസ്റ്റിൽ സ്ഥാനം നഷ്ടമായ മാർക്ക് വുഡ് ഇലവനിലേക്ക് മടങ്ങിയെത്തി. സ്പിന്നർ ഷുഐബ് ബഷീറിന് പകരക്കാരനായാണ് 34കാരൻ എത്തിയത്. ഇതോടെ ആദ്യ ടെസ്റ്റിലേതിന് സമാനമായി രണ്ട് പേസർമാരുമായാണ് സന്ദർശകർ ഇറങ്ങുക. രാജ്‌കോട്ട് ടെസ്റ്റിൽ തുടക്കത്തിൽ പിച്ചിൽ പേസിന് ആനുകൂല്യം ലഭിക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് ആൻഡേഴ്‌സനൊപ്പം വുഡിനെ കൂടി ഇറക്കാൻ ഇംഗ്ലണ്ട് തീരുമാനിച്ചത്.
England have announced their playing XI for Rajkot Test.
— OneCricket (@OneCricketApp) February 14, 2024
Mark Wood comes in for Shoaib Bashir.#INDvENG pic.twitter.com/hJ0GzrdIGG
ബെൻ സ്റ്റോക്ക്‌സിന്റെ നൂറാമത് ടെസ്റ്റ് മത്സരമെന്ന പ്രത്യേകതയും രാജ്‌കോട്ട് മത്സരത്തിനുണ്ട്. നിലവിൽ ഓരോ മാച്ചുകൾ ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും തുല്യത പാലിച്ചതിനാൽ മൂന്നാം ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്. ഹൈദരാബാദ് ടെസ്റ്റിൽ അവിശ്വസിനീയ തോൽവി നേരിട്ട ആതിഥേയർ വിശാഖപട്ടണത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
പേസർ ജസ്പ്രീത് ബുംറയുടേയും ഓപ്പണർ യശ്വസി ജയ്‌സ്വാളിന്റേയും ശുഭ്മാൻ ഗിലിന്റേയും മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്. മാർക്ക് വുഡിന് പകരം ടീമിലെടുത്ത ഷുഐബ് ബഷീറിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ഇതോടെയാണ് പരിചയസമ്പന്നനായ താരത്തെ വീണ്ടും ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തെ വിസ പ്രശ്‌നത്തെ തുടർന്ന് ഇംഗ്ലണ്ട് യുവ സ്പിന്നർ രെഹാൻ അഹമ്മദ് മൂന്നാം ടെസ്റ്റിൽ ഇറങ്ങുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ട് പ്രഖ്യാപിച്ച ടീമിൽ ലെഗ്‌സ്പിന്നറും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ ടീമിനെ ടെസ്റ്റിന് തൊട്ടുമുൻപായിരിക്കും പ്രഖ്യാപിക്കുക.
ഇംഗ്ലണ്ട് ടീം: സാക്ക് ക്രാലി,ബെൻ ഡക്കറ്റ്, ഒലീ പോപ്പ്, ജോ റൂട്ട്, ജോണി ബെയിസ്‌റ്റോ, ബെൻ സ്‌റ്റോക്ക്‌സ്(ക്യാപ്റ്റൻ), ബെൻ ഫോക്‌സ്, രെഹാൻ അഹമ്മദ്, ടോം ഹാർട്ട്‌ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്‌സൺ