അവസാന മൂന്ന് ടെസ്റ്റിലേക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം; അവസരം കാത്ത് യുവ താരങ്ങൾ
|ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും
ഡൽഹി: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന വിരാട് കോഹ്ലി മടങ്ങിയെത്തുന്നത് ഇന്ത്യക്ക് കരുത്താകും. പരിക്ക് കാരണം രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തായ കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിക്കുമോയെന്നതും പ്രധാനമാണ്.
അതേസമയം, ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലുള്ള ചേതേശ്വർ പൂജാര ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയേക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലാണ് അവസാനം പൂജാര ഇടംപിടിച്ചത്. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ എന്നതും പൂജാരക്ക് സഹായകരമാകും.
ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് അവശേഷിക്കുന്ന മത്സരങ്ങൾ നിർണായകമാണ്. രണ്ടാം ടെസ്റ്റിലൂടെ രജത് പടിദാർ, സർഫറാസ് ഖാൻ, ധ്രുവ് ജുറേൽ, സൗരഭ് കുമാർ എന്നിവർ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ്. എന്നാൽ ഇവരിലാരെല്ലാം മൂന്നാം ടെസ്റ്റിൽ ഉണ്ടാകുമെന്ന് വ്യക്തമല്ല. രാഹുലിന് പകരം പടിദാർ പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യത കൂടുതൽ. ജഡേജക്ക് പകരം ബൗളിങ് നിരയിലും മാറ്റംവരും. മികച്ച ഫോമിലുള്ള കുൽദീപ് യാദവിനെ തിരിച്ചുവിളിക്കാനിടയുണ്ട്. അശ്വിനും ജഡേജയും അക്സറുമുള്ള ടീമിൽ കുൽദീപിന് അവസരം ലഭിച്ചിരുന്നില്ല.