രാജ്‌കോട്ട് ടെസ്റ്റിൽ അടിക്ക് തിരിച്ചടി;ഇന്ത്യൻ റൺമല കയറാൻ ഇംഗ്ലണ്ട് പൊരുതുന്നു
|ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന അപൂർവ്വ നേട്ടം രണ്ടാം ദിനം അശ്വിൻ സ്വന്തമാക്കി.
രാജ്‌കോട്ട്: ഇന്ത്യൻ റൺമലക്കെതിരെ രാജ്‌കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ഇന്ത്യൻ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 445 റൺസിനെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ സന്ദർശകർ 207-2 എന്ന നിലയിലാണ്. ഓപ്പണർ ബെൻ ഡക്കറ്റ് സെഞ്ചുറി നേടി. 15 റൺസെടുത്ത സാക് ക്രാലിയെ അശ്വിൻ പുറത്താക്കി. 39ൽ നിൽക്കെ ഒലിപോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. കളി അവസാനിക്കുമ്പോൾ 133 റൺസുമായി ഡക്കറ്റും 9 റൺസുമായി ജോ റൂട്ടുമണ് ക്രീസിൽ.ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റെന്ന അപൂർവ്വ നേട്ടം രണ്ടാം ദിനം അശ്വിൻ സ്വന്തമാക്കി.
നേരത്തെ, രോഹിത് ശർമ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അരങ്ങേറ്റക്കാരായ സർഫറാസ് ഖാൻ (62), ധ്രുവ് ജുറൽ (46), ആർ അശ്വിൻ (37), ജസ്പ്രിത് ബുമ്ര (26) മികച്ചുനിന്നു. മാർക്ക് വുഡ് ഇംഗ്ലണ്ടിനായി നാല് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യൻ റൺമലക്കെതിരെ സ്ഥിരം ബാസ്‌ബോൾ ശൈലിയിലണ് സന്ദർശകർ ബാറ്റുവീശിയത്. ഓപ്പണിംഗ് വിക്കറ്റിൽ ഡക്കറ്റ് - സാക് ക്രൗളി സഖ്യം 89 റൺസ് കൂട്ടിചേർത്തു. എന്നാൽ ക്രൗളിയെ പുറത്താക്കി അശ്വിൻ ആദ്യ ബ്രേക്ക്ത്രൂ നൽകി. മറുവശത്തെ ഡക്കറ്റ് ആക്രമണ ശൈലി തുടർന്നു. മൂന്നാം വിക്കറ്റിൽ പോപ്പിനൊപ്പം 93 റൺസും കൂട്ടിചേർത്തു.
നേരത്തെ അഞ്ചിന് 326 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. തുടക്കത്തിൽ തന്നെ കുൽദീപ് യാദവിന്റെ (4) വിക്കറ്റും നഷ്ടമായി. ജഡേജയും(112) ആദ്യ സെഷനിൽ തന്നെ മടങ്ങി. തുടർന്ന് ക്രീസിലൊന്നിച്ച ജുറൽ - അശ്വിൻ കൂട്ടുകെട്ട് നിർണായകമായി. 77 റൺസാണ് കൂട്ടിചേർത്തത്.