കോഹ്ലി മൂന്നാം ടെസ്റ്റിലേക്ക് മടങ്ങിയെത്തുമോ; വ്യക്തതയില്ലാതെ ബിസിസിഐ
|ശ്രേയസ് അയ്യർ, കെ.എസ് ഭരത് തുടങ്ങി മധ്യനിരയിലെ താരങ്ങളെല്ലാം മോശം ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത പടിദാറിനും ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ല
ന്യൂഡൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും വിരാട് കോഹ്ലി കളിക്കാനിടയില്ലെന്ന് റിപ്പോർട്ട്. താരത്തിന്റെ മടങ്ങിവരവ് സംബന്ധിച്ച് ഇതുവരെ ബിസിസിഐക്ക് വ്യക്തതയില്ല. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വ്യക്തമാക്കിയത്. എന്നാൽ അവസാന മൂന്ന് ടെസ്റ്റുകളിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ കോഹ്ലിയുടെ മടങ്ങിവരവ് എന്നുണ്ടാകുമെന്നതിൽ ക്രിക്കറ്റ് ബോർഡിനും മറുപടിയിയില്ല. ഇതോടെ താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും വ്യാജ പ്രചരണങ്ങൾ നിർത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിരാട് കോഹ്ലി രണ്ടാമതൊരു കുഞ്ഞിനായുള്ള കാത്തരിപ്പിലാണെന്ന് ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലേഴ്സ് വെളിപ്പെടുത്തിയിരുന്നു.
അതേസമയം, കോഹ്ലിക്ക് പകരം ടീമിലെത്തിയ രജത് പടിദാർ വിശാഖപട്ടണം ടെസ്റ്റിൽ രണ്ടിന്നിങ്സിലും പരാജയപ്പെട്ടിരുന്നു. നേരത്തെ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതോടെ രവീന്ദ്ര ജഡേജയും കെഎൽ രാഹുലും രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റിലേക്ക് രാഹുൽ മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ ജഡേജക്ക് പരമ്പരയിൽ ഇനിയുള്ള മത്സരങ്ങൾ നഷ്ടമായേക്കും.
ശ്രേയസ് അയ്യർ, കെ.എസ് ഭരത് തുടങ്ങി മധ്യനിരയിലെ താരങ്ങളെല്ലാം മോശം ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത പടിദാറിനും ഇംഗ്ലണ്ടിനെതിരെ തിളങ്ങാനായില്ല. ഇതോടെ അടുത്ത ടെസ്റ്റുകളിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയെത്തേണ്ടത് വിജയത്തിൽ നിർണായകമാകുന്ന അവസ്ഥയാണ്. നിർണായക ടെസ്റ്റ് മത്സരത്തിൽ നിന്നു മാറിനിൽക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെതന്നെ ആരാധകർ രംഗത്തെത്തിയിരുന്നു.