'ഫുൾ ഓഫ് സ്കിൽ'; ഗില്ലിന്റെ സെഞ്ചുറി പ്രകടനത്തെ അഭിനന്ദിച്ച് സച്ചിൻ ടെണ്ടുൽക്കർ
|കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്തിലേത്.
വിഖാഖപട്ടണം: കഴിഞ്ഞ 12 ഇന്നിങ്സുകളിൽ ഒരു അർധസെഞ്ചുറി പോലും നേടാനാവാതെ ഇന്ത്യൻ ടെസ്റ്റ് ടീം സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ട സമയത്താണ് സെഞ്ചുറിയുമായി ശുഭ്മാൻ ഗിൽ തിരിച്ചുവരവ് നടത്തിയത്. വിശാഖപട്ടണം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ആവശ്യമായ സന്ദർഭത്തിലാണ് താരത്തിന്റെ 104 റൺസ്. ഇതോടെ ഇംഗ്ലണ്ടിന് മുന്നിൽ 399 റൺസ് എന്ന വിജയലക്ഷ്യം മുന്നോട്ട് വെക്കാനും ഇന്ത്യക്കായി.
ഇപ്പോഴിതാ താരത്തിന്റെ സെഞ്ചുറി പ്രകടനത്തെ അഭിനന്ദിച്ച് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഫുൾ ഓഫ് സ്കിൽ എന്നാണ് ബാറ്റിങ് പ്രകടനത്തെ സച്ചിൻ വിശേഷിപ്പിച്ചത്. നിർണായക സമയത്തെ പ്രകടനമെന്നും ലിറ്റിൽ മാസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. സച്ചിന്റെ മകൾ സാറയും ഗില്ലും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തയുണ്ടായിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ സച്ചിന്റെ അഭിനന്ദനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
മറ്റൊരു അപൂർവ്വനേട്ടവും സെഞ്ചുറിയിലൂടെ ഗിൽ സ്വന്തമാക്കി. ഒരേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായാണ് യശ്വസി ജയ്സ്വാളിനൊപ്പം ഇടം പിടിച്ചത്. നേരത്തെ 1996ൽ ഇംഗ്ലണ്ടിനെതിരായ നോട്ടിങ്ഹാം ടെസ്റ്റിൽ സച്ചിനും ഗാംഗുലിയും സെഞ്ചുറി നേടിയിരുന്നു. അന്ന് ഇരുവർക്കും 25 വയസിൽ താഴെയായിരുന്നു പ്രായം.
കഴിഞ്ഞ 11 മാസത്തിനിടെ ഗില്ലിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണ് വിശാഖപട്ടണത്തിലേത്. ടെസ്റ്റിലെ മൂന്നാം സെഞ്ചുറിയാണ്. ഏകദിനത്തിൽ ആറും ടെസ്റ്റിൽ മൂന്നും ടി20യിൽ ഒരു സെഞ്ചുറിയുമുള്ള ഗില്ലിന് നിലവിൽ 10 രാജ്യാന്തര സെഞ്ചുറികളായി. ഗില്ലിന്റെ സെഞ്ചുറി മികവിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 255 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ ഡബിൾ സെഞ്ചുറിയടിച്ച യശ്വസി ജയ്സ്വാളിനെ നേരത്തെ പുറത്താക്കി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമമാണ് ഗിൽ മികച്ച പ്രകടനത്തിലൂടെ പൊളിച്ചത്. 147 പന്തുകൾ നേരിട്ട് 11 ബൗണ്ടറിയും രണ്ട് സിക്സറും സഹിതമാണ് 104 റൺസ് നേടിയത്.