രോഹിതിനും ഗില്ലിനും അർദ്ധസെഞ്ച്വറി: തകർപ്പൻ തുടക്കവുമായി ഇന്ത്യ
|നായകൻ ടോം ലാഥത്തിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യൻ ഓപ്പണർമാർ തെളിയിച്ചു
ഇൻഡോർ: മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് തെരഞ്ഞെടുത്തത് ബൗളിങ്. നായകൻ ടോം ലാഥത്തിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യൻ ഓപ്പണർമാർ തെളിയിച്ചു. 12ാം ഓവറിൽ വിക്കറ്റൊന്നും നഷ്ടമാകാതെ ടീം സ്‌കോർ 100 കടന്നു. അപാരഫോമിലുള്ള ശുഭ്മാൻ ഗില്ലും കൂട്ടിന് രോഹിത് ശർമ്മയും അറിഞ്ഞുകളിച്ചതോടെയാണ് ടീം സ്‌കോർ എളുപ്പത്തിൽ 100 കടന്നത്.
ശുഭ്മാൻ ഗില്ലാണ് തീപ്പൊരി വിതറുന്നത്. 33 പന്തുകളിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ താരം ന്യൂസിലാൻഡ് ബൗളർമാരെ വെള്ളം കുടിപ്പിക്കുകയാണ്. പവർപ്ലേ ഓവറുകൾ നന്നായി തന്നെ ഇരുവരും ഉപയോഗിച്ചപ്പോൾ 76 പന്തുകളിൽ ഇന്ത്യൻ സ്‌കോർ 100 കടക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 114 റൺസെന്ന നിലയിലാണ്.
രോഹിത് ശർമ്മ(62) ശുഭ്മാൻ ഗിൽ(54) എന്നിവർ ബൗളർമാരെ തലങ്ങുംവിലങ്ങും പ്രഹരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഏകദിന റാങ്കിലെ ഒന്നാം സ്ഥാനം ഇന്ത്യയുടെ പേരിലാകും. അതേസമയം മുഹമ്മദ് ഷമി, സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ഉംറാൻ മാലിക്, യൂസ് വേന്ദ്ര ചാഹൽ എന്നിവരെ ഉൾപ്പെടുത്തി. ന്യൂസിലാൻഡ് നിരയിൽ ഹെന്റി ശിപ്ലെക്ക് പകരം ജാക്കബ് ഡഫി ഇടം നേടി.