കറക്കി വീഴ്ത്തി അശ്വിനും ജഡേജയും; ന്യൂസിലാൻഡിന് ഒൻപത് വിക്കറ്റ് നഷ്ടം, 143 റൺസ് ലീഡ്
|ശുഭ്മാൻഗിൽ-ഋഷഭ് പന്ത് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്.
മുംബൈ: ന്യൂസിലാൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 171-9 എന്ന നിലയിലാണ് ആതിഥേയർ. ഒരുവിക്കറ്റ് ശേഷിക്കെ 143 റൺസിന്റെ ലീഡാണ് സന്ദർശകർക്കുള്ളത്. ആതിഥേയർക്കായി രവീന്ദ്ര ജഡേജ നാലും ആർ അശ്വിൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ബാറ്റ്‌സ്മാൻമാരുടെ ശവപറമ്പായ മുംബൈയിലെ വാംഖഡെയിൽ രണ്ട്ദിനത്തിനുള്ളിൽ 29 വിക്കറ്റുകളാണ് കടപുഴകിയത്. 28 റൺസ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ കിവീസിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ രണ്ട് റൺസ് ചേർക്കുന്നതിനിടെ ക്യാപ്റ്റൻ ടോം ലഥാമിന്റെ(1) വിക്കറ്റ് നഷ്ടമായി. ആകാശ്ദീപിന്റെ ഓവറിൽ ക്ലീൻബൗൾഡാകുകയായിരുന്നു.
രണ്ടാംവിക്കറ്റിൽ ഒത്തുചേർന്ന ഡെവൻ കോൺവെ-വിൽ യങ് കൂട്ടുകെട്ട് പ്രതീക്ഷ നൽകിയെങ്കിലും വാഷിങ്ടൺ സുന്ദർ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. 22 റൺസെടുത്ത് കോൺവെയും തൊട്ടുപിന്നാലെ നാല് റൺസുമായി രചിൻ രവീന്ദ്രയും പുറത്തായതോടെ ഒരു ഘട്ടത്തിൽ 44-3 എന്ന നിലലിയായി കിവീസ്. എന്നാൽ നാലാം വിക്കറ്റിൽ ഡാരിൻ മിച്ചൽ-വിൽയങ് സഖ്യം മികച്ച രീതിയിൽ ബാറ്റുവീശിയെങ്കിലും രവീന്ദ്ര ജഡേജയിലൂടെ ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തി. ജഡേജയെ കൂറ്റനടിക്ക് ശ്രമിച്ച മിച്ചലിനെ(21) ബൗണ്ടറിലൈനിൽ ആർ അശ്വിൻ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. വിക്കറ്റുകൾ തുടരെ വീഴുമ്പോഴും ഒരുഭാഗത്ത് നിലയുറപ്പിച്ച വിൽ യങ് സ്‌കോർ 100 കടത്തി. ഗ്ലെൻ ഫിലിപ്‌സ്(14 പന്തിൽ 26) വെടിക്കെട്ട് ബാറ്റിങിലൂടെ ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും അശ്വിൻ ക്ലീൻബൗൾഡാക്കി കളി വരുതിയിലാക്കി. ടോം ബ്ലണ്ടെൽ(4), ഇഷ് സോധി(8),മാറ്റ് ഹെൻട്രി(10) എന്നിവരും അവസാന സെഷനിൽ വീണതോടെ സന്ദർശകർ വലിയതകർച്ചയിലേക്ക് കൂപ്പുകുത്തി.
നേരത്തെ കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 235 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 263ൽ അവസാനിച്ചിരുന്ന. 28 റൺസ് ലീഡാണ് സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലാണ് ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ശുഭ്മാൻ ഗിൽ (90) ഇടോപ്‌സ്‌കോററായി. ഋഷഭ് പന്ത് (60), വാഷിംഗ്ടൺ സുന്ദർ (പുറത്താവാതെ 38) എന്നിവരും മികച്ച പ്രകടനം നടത്തി.
നാലിന് 86 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക് ഗിൽ-പന്ത് സഖ്യം മികച്ച പ്രകടനം നടത്തി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ പന്ത് സ്‌കോറിംഗ് വേഗമുയർത്തി. 180 റൺസിൽ നിൽക്കെ പന്ത് പുറത്തായത് കളിയിൽ വഴിത്തിരിവായി. 59 പന്തിൽ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതമാണ് താരം 60 റൺസെടുത്തത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 96 റൺസാണ് കൂട്ടിചേർത്തത്. തുടർന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ (14), സർഫറാസ് ഖാൻ (0) എന്നിവർ വീണതോടെ ഒരുഘട്ടത്തിൽ ഇന്ത്യ ലീഡ് വഴങ്ങില്ലെന്ന് പോലും തോന്നിച്ചു. അജാസ് പട്ടേലിന്റെ ഓവറിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി 90 റൺസെടുത്ത് ഗിലും പുറത്തായതോടെ ഇന്ത്യയുടെ ചെറുത്തുനിൽപ്പ് അവസാനിച്ചു. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. തുടർന്ന് സുന്ദർ അശ്വിനേയും (6), ആകാശ് ദീപിനേയും (0) കൂട്ടിപിടിച്ച് നടത്തിയ പോരാട്ടാണ് സ്്കോർ 250 കടത്തിയത്.