ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യ; മഴ ഭീഷണിയിൽ ബോക്സിങ് ഡേ ടെസ്റ്റ്
|ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശർമ്മക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര എന്നിവരും മടങ്ങിയെത്തും.
സെഞ്ചൂറിയൻ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിന് ഇന്ന് സെഞ്ചൂറിയനിൽ തുടക്കമാകും. സ്പോർട് പാർക്കിൽ ഉച്ചക്ക് 1.30ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് മഴഭീഷണിയുണ്ട്. ആദ്യദിനം മഴയിൽ മുടങ്ങുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശർമ്മക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര എന്നിവരും മടങ്ങിയെത്തും.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് പതിറ്റാണ്ടിനിടെ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്കായിട്ടില്ല. ഇത് മറികടക്കുകയാണ് രോഹിത് ശർമ്മയും സംഘവും ലക്ഷ്യമിടുന്നത്. എന്നാൽ ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തുന്നതാണ് കാലാവസ്ഥ റിപ്പോർട്ട്.
അതേസമയം, പേസിനെ തുണക്കുന്ന സെഞ്ചൂറിയനിലെ പിച്ചിൽ പ്രതീക്ഷയുണ്ടെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി. സമീപകാലങ്ങളിൽ വിദേശപിച്ചുകളിൽ മികച്ച പ്രകടനമാണ് ടീം നടത്തിയത്. മുഹമ്മദ് ഷമിയില്ലാത്തത് വലിയ നഷ്ടമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയാണ് ഇന്ത്യ ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്
ടെംബ ബാഹുമ നയിക്കുന്ന സൗത്താഫ്രിക്കൻ ടീമിൽ ഏകദിനത്തിലെ മികച്ച പ്രകടനം നടത്തിയ ടോണി ഡിസോയ്സി, ഐഡൻ മാർക്രം എന്നിവരുണ്ട്. ബൗളിംഗിൽ മാർക്കോ ജാൻസൺ, കഗിസോ റബാഡ മടങ്ങിയെത്തുന്നു. യശ്വസി ജെയ്സ്വാൾ രോഹിത് ശർമ്മ, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ അടങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിര ശക്തമാണ്. ബൗളിങിൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്ര അശ്വിൻ എന്നിവർ ആദ്യഇലവനിൽ സ്ഥാനംപിടിച്ചേക്കും.