മാരകഫോമിൽ സ്പിന്നർമാർ: ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കൂട്ടിയത് 99 റൺസിന്
|കുൽദീപ് യാദവിന്റെ പന്തുകൾക്ക് ഉത്തരമില്ലാതെ പോയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 27.1 ഓവറിൽ അവസാനിച്ചു
ന്യൂഡൽഹി: മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 99ൽ ചുരിട്ടിക്കൂട്ടി ഇന്ത്യ. കുൽദീപ് യാദവിന്റെ പന്തുകൾക്ക് ഉത്തരമില്ലാതെ പോയപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 27.1 ഓവറിൽ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപാണ് കേമൻ. വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പിന്തുണകൊടുത്തു.
ടോസ് നേടിയ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. നായകൻ ശിഖർ ധവാന്റെ തീരുമാനം ശരിയാണെന്ന് രണ്ടാം ഓവറിൽ തന്നെ തെളിഞ്ഞു. 6 റൺസെടുത്ത ഡികോക്ക് ആവേശ് ഖാന്റെ കൈകളിൽ അവസാനിച്ചു. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. പിന്നീട് ഒരിക്കൽപോലും ദക്ഷിണാഫ്രിക്കയ്ക്ക് കരകയറാനായില്ല. കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബൗളർമാർ ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരമേൽപ്പിച്ചുകൊണ്ടിരുന്നു.
ഒടുവിൽ വിക്കറ്റുകളെല്ലാം ഇന്ത്യ പിഴുതെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക നേടിയത് 99 റൺസ്. സ്കോർബോർഡ് മൂന്നക്കത്തിലേക്ക് എത്തിക്കാൻ പോലും ഇന്ത്യൻ സ്പിന്നർമാർ അനുവദിച്ചില്ല. 34 റൺസെടുത്ത ഹെൻ റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോർ. എട്ട് പേർക്ക് രണ്ടക്കം പോലും കാണാനായില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.