Cricket
ഇന്ത്യ വീണു; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം
Cricket

ഇന്ത്യ വീണു; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം

Web Desk
|
4 Oct 2022 5:09 PM GMT

ഇന്ത്യന്‍ നിരയില്‍ ദിനേശ് കാർത്തിക്കിനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 യിൽ ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം. 49 റണ്‍സിന്‍റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 178 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യന്‍ നിരയില്‍ ദിനേശ് കാർത്തിക്കിനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. കാർത്തിക്ക് 21 പന്തിൽ നാല് സിക്‌സുകളുടേയും നാല് ഫോറുകളുടേയും അകമ്പടിയിൽ 46 റൺസെടുത്തു. ദീപക് ചഹാര്‍ 17 പന്തില്‍ മൂന്ന് സിക്സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയില്‍ 31 റണ്‍സെടുത്തു.

റണ്ണൊന്നുമെടുക്കാതെ പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെയിൻ പാർനലും എൻഗിഡിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ റൂസോയും അർധ സെഞ്ച്വറി നേടിയ ഓപ്പണർ ഡീക്കോക്കും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോറാണ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 227 റൺസെടുത്തു. റൂസോ വെറും 48 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കത്. ഡീ കോക്ക് 43 പന്തിൽ 68 റൺസെടുത്തു.

ഇന്ത്യൻ ബോളർമാർ കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തിൽ അക്ഷരാർഥത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ വെടിക്കെട്ടാണ് ഇൻഡോറിൽ കണ്ടത്. എട്ട് സിക്‌സും ഏഴ് ഫോറുമടക്കമാണ് റൂസോ സെഞ്ച്വറിയിലെത്തിയത്.

അവസാന ഓവറില്‍ 24 റണ്‍സടിച്ച ദക്ഷിണാഫ്രിക്ക അവസാന അഞ്ചോവറില്‍ മാത്രം 73 റണ്‍സാണ് അടിച്ചു കൂട്ടിയത്. ടി20 യില്‍ റൂസോയുടെ ആദ്യ സെഞ്ച്വറിയാണിത്. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 19 റണ്‍സുമായി മില്ലര്‍ മനോഹരമായാണ് ദക്ഷിണാഫ്രിക്കന്‍‌ ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്.

ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. വിശ്രമം അനുവദിച്ച വിരാട് കോഹ്‍ലിയും കെ എല്‍ രാഹുലും പരിക്കേറ്റ അര്‍ഷ്ദീപ് സിംഗും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ശ്രേയസ് അയ്യരും മുഹമ്മദ് സിറാജും ഉമേഷ് യാദവും ടീമില്‍ ഇടം പിടിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി.

Similar Posts