സെഞ്ചൂറിയനില്‍ സെഞ്ച്വറിയുമായി രാഹുല്‍; ബോക്സിങ് ഡേ ഇന്ത്യക്ക് സ്വന്തം
|2010 ന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്
സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ കെ.എൽ രാഹുലിന്റേയും അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍ മായങ്ക് അഗർവാളിന്റേയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എന്ന നിലയിലാണ്.
248 പന്തില്‍ നിന്ന് 122 റണ്‍സ് നേടിയ രാഹുല്‍ പുറത്താകെ ക്രീസിലുണ്ട്. 16 ഫോറുകളുടേയും ഒരു സിക്സറിന്റേയും അകമ്പടിയിലാണ് രാഹുല്‍ സെഞ്ച്വറി തികച്ചത്.കളിയുടെ തുടക്കം മുതൽ തന്നെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ കരുതലോടെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിട്ടത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് 117 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി പടുത്തുയര്‍ത്തിയത്. 2010 ന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്കയിൽ ഒരു ഇന്ത്യൻ ഓപ്പണിംഗ് ജോഡി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. 40 റണ്‍സുമായി അജിന്‍ക്യ രഹാനെയാണ് രാഹുലിനൊപ്പം ക്രീസിലുള്ളത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും റണ്ണൊന്നുമെടുക്കാത്ത ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായ ബാറ്റര്‍മാര്‍.
ക്യാപ്റ്റന്‍ കോഹ്ലിക്കും കോച്ച് രാഹുൽ ദ്രാവിഡിനും നിർണായകമായ പരമ്പരയാണിത്. ഏകദിനത്തിലെയും ടി20യിലെയും ക്യാപ്റ്റൻ പദവി ഒഴിഞ്ഞതിന് ശേഷമുള്ള കോഹ്ലിയുടെ ആദ്യ പരമ്പരയാണിത്.
2021-2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ന്യൂസീലൻഡിനെ 1-0ത്തിന് തോൽപ്പിക്കുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീൻ എൽഗാറിന്റെ നേതൃത്വത്തിൽ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.