ടെസ്റ്റ് ക്രിക്കറ്റിൽ ഉയർന്ന ടീം ടോട്ടൽ; ചരിത്രത്തിലേക്ക് ബാറ്റുവീശി ഇന്ത്യൻ വനിതകൾ
|നാല് വിക്കറ്റ് നഷ്ടത്തിൽ 525 എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്.
ചെന്നൈ: ചെന്നെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ ചരിത്രത്തിലേക്ക് ബാറ്റുവീശി ഇന്ത്യൻ വനിതകൾ. ആദ്യ ഇന്നിങ്‌സിൽ ഏറ്റവും ഉയർന്ന സ്‌കോറാണ് കുറിച്ചത്. 603/6 എന്ന നിലയിൽ ഇന്ത്യ രണ്ടാം ദിനം ഡിക്ലയർ ചെയ്യുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്‌ട്രേലിയ കഴിഞ്ഞ ഫെബ്രുവരിയിൽ നേടിയ റെക്കോഡാണ് പഴങ്കഥയാക്കിയത്. ഓസ്‌ട്രേലിയ അന്ന് 575/9 എന്ന സ്‌കോറാണ് പടുത്തുയർത്തിയത്.
നാല് വിക്കറ്റ് നഷ്ടത്തിൽ 525 എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഹർമൻപ്രീത് കൗറും റിച ഘോഷും മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ സ്‌കോർ കുതിച്ചുയർന്നു. റിച ഘോഷും(86) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും(69) പുറത്തായതോടെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഏറ്റവും ഉയർന്ന സ്‌കോറിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് അടിത്തറയിട്ടത് ഷഫാലി വർമയുടേയും സ്മൃതി മന്ഥാനയുടേയും ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു.
ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 292 റൺസാണ് കൂട്ടിചേർത്തത്. ടെസ്റ്റിൽ ഓപ്പണിങിലെ ഏറ്റവും ഉയർന്ന സ്‌കോറായിത്. അതിവേഗ ഡബിൾ സെഞ്ച്വറി നേട്ടവുമായി ഷഫാലി വർമ(194 പന്തിൽ)യും സ്വന്തമാക്കി. സ്മൃതി മന്ഥാന 149 റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന വനിത താരമാകാനും സ്മൃതിക്കായി. എട്ടാമത്തെ സെഞ്ചുറിയായിരുന്നു താരം ഇന്നലെ നേടിയത്. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 236 എന്ന നിലയിലാണ്.