ഒറ്റയ്ക്ക് പോരാടി കോഹ്ലി; ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിന് പുറത്ത്
|79 റൺസെടുത്ത നായകൻ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിന് പുറത്ത്. 79 റൺസെടുത്ത നായകൻ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.ചേതശ്വർ പൂജാര 43 റൺസെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ വെറും 31 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. ആദ്യം രാഹുലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 12 റൺസെടുത്ത രാഹുലിനെ ഡ്യൂവാൻ ഒലിവിയർ പുറത്താക്കി.
തൊട്ടുപിന്നാലെ മായങ്ക് അഗർവാളും പുറത്തായി.15 റൺസെടുത്ത മായങ്കിനെ കഗിസോ റബാദയാണ് പുറത്താക്കിയത്.പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോഹ്ലിയും ചേതേശ്വർ പൂജാരയും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ടീം സ്കോർ 95-ൽ നിൽക്കേ പൂജാര പുറത്തായി. 77 പന്തുകളിൽ നിന്ന് 43 റൺസെടുത്ത പൂജാരയെ മാർക്കോ ജാൻസൺ പുറത്താക്കി. പൂജാരയ്ക്ക് പകരം അജിങ്ക്യ രഹാനെ ക്രീസിലെത്തി. പിന്നാലെ വന്ന അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. വെറും ഒൻപത് റൺസ് മാത്രമെടുത്ത രഹാനെ റബാദയ്ക്ക് മുന്നിൽ കീഴടങ്ങി.
പിന്നീടെത്തിയ പന്തിനെ കൂട്ടുപിടിച്ച് കോഹ്ലി സ്കോർ 160 കടത്തി. 27 റൺസെടുത്ത ഋഷഭ് പന്തിനെ മാർക്കോ ജാൻസൺ പുറത്താക്കി. കോഹ്ലിക്കൊപ്പം 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പന്ത് ക്രീസ് വിട്ടത്.പന്തിന് പകരം വന്ന ആർ. അശ്വിന് പിടിച്ചുനിൽക്കാനായില്ല. വെറും രണ്ട് റൺസെടുത്ത അശ്വിനെ ജാൻസൺ പുറത്താക്കുകയായിരുന്നു.
അശ്വിന് പിന്നാലെ ശാർദൂൽ ഠാക്കൂറും പെട്ടെന്ന് മടങ്ങി. പിന്നീടെത്തിയ ബാറ്റർമാരെല്ലാം വീണപ്പോഴും ഒരറ്റത്ത് ഇന്ത്യൻ നായകൻ അനായാസം ബാറ്റിങ് തുടർന്നു.ഒടുവിൽ 79 റൺസെടുത്ത കോഹ്ലി റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ വെറെയ്നിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. കോലിയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലുവിക്കറ്റെടുത്തപ്പോൾ മാർക്കോ ജാൻസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്യൂവാൻ ഒലിവിയർ, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.