ഒരു ദിനവും 23 വിക്കറ്റുകളും, മാറിമറിഞ്ഞ് കേപ്ടൗൺ ടെസ്റ്റ്; മുൻതൂക്കം ഇന്ത്യക്ക്
|പേസർമാർ ഉറഞ്ഞുതുള്ളുന്ന പിച്ചിൽ നാളത്തെ ആദ്യ സെഷനിൽ തന്നെ കളി തീരുമാനമാകാനാണ് സാധ്യത
കേപ്ടൗൺ: ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതെ ദക്ഷിണാഫ്രിക്കയ്ക്ക് ഓർമയുള്ളൂ. 50 ഓവർ പോലും തികയ്ക്കാനായില്ല ആതിഥേയർക്ക്. 23.2 ഓവറിൽ 55 റൺസിന് എൽഗറും സംഘവും തവിടുപൊടി. മുഹമ്മദ് സിറാജ് ഒരിക്കൽ കൂടി കൊടുങ്കാറ്റായി ആഞ്ഞുവീശിയതാണ് ദക്ഷിണാഫ്രിക്കയെ വെന്റിലേറ്ററിലാക്കിയത്.
ആറ് വിക്കറ്റുകളുമായി സിറാജ് ടെസ്റ്റ് ബൗളിങ് ഫിഗർ മെച്ചപ്പെടുത്തിയപ്പോൾ മുകേഷ് കുമാറും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഉഗ്രൻ പിന്തുണകൊടുത്തു. 15 റൺസ് നേടിയ വിക്കറ്റ് കീപ്പർ വെരെയ്ൻ ആണ് അവരുടെ ടോപ് സ്‌കോറർ. 12 റൺസ് നേടിയ ബെഡിങാം ആണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റർ. ബാക്കിയുള്ളവരെല്ലാം ബാറ്റുമായി ക്രീസിലെത്തി അതേ വേഗതയിൽ തിരിച്ചുംകയറി.
എന്നാൽ മറുപടി ബാറ്റിങിൽ ഇന്ത്യ പേടിച്ചത് തന്നെ സംഭവിച്ചു. മൂന്ന് പേർക്കെ രണ്ടക്കം കാണാനായുള്ളൂ. രോഹിത് ശർമ്മ(39) ശുഭ്മാൻ ഗിൽ(36) വിരാട് കോഹ്‌ലി(46) എന്നിവരുടെ ബലത്തിൽ ഇന്ത്യ ഒരുക്കൂട്ടിയത് 153 റൺസും. ഒപ്പം 98 റൺസിന്റെ അതിനിർണായക ലീഡും. ഇന്ത്യയെ തളർത്തിയത് ദക്ഷിണാഫ്രിക്കയുടെ മൂന്ന് പേസർമാരായിരുന്നു. റബാഡ, എൻഗിഡി, നാന്ദ്രെ ബർഗർ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ പങ്കിട്ടെടുത്തു. മാർക്കോ ജാൻസെന് വിക്കറ്റൊന്നും ലഭിച്ചില്ല. 153ന് നാല് എന്ന ഘട്ടത്തിൽ നിന്ന് ഇന്ത്യ, അതേ സ്‌കോറിന് തന്നെ ഓൾ ഔട്ടാവുകയായിരുന്നു.
അപൂർവമായാണ് ഇങ്ങനെയൊരു കൂട്ടത്തകർച്ച. 98 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കക്ക് അവിടെയും പിഴച്ചു. തട്ടിമുട്ടി 37 റൺസ് വരെ കൊണ്ടെത്തച്ചെങ്കിലും പിന്നെ വീണു. ഒന്നാംദിനം കളി നേരത്തെ നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്. അവസാന ടെസ്റ്റ് കളിക്കുന്ന എൽഗർ 12 റൺസെടുത്തു പുറത്തായി. 36 റൺസുമായി എയ്ഡൻ മാർക്രം ഏഴ് റൺസുമായി ഡേവിഡ് ബെഡിങാം എന്നിവരാണ് ക്രീസിൽ. വീണ മൂന്ന് വിക്കറ്റും മുകേഷ്‌കുമാറിനാണ്.
ദക്ഷിണാഫ്രിക്ക ഇപ്പോഴും 36 റൺസിന് പിന്നാലാണ്. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്. പേസർമാർ ഉറഞ്ഞുതുള്ളുന്ന പിച്ചിൽ നാളത്തെ ആദ്യ സെഷനിൽ തന്നെ കളി തീരുമാനമാകാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയുടെ ലീഡ് 50 റൺസിൽ താഴെ ഒതുക്കാനാണ് ഇന്ത്യ ശ്രമിക്കുക. അങ്ങനെ എങ്കിൽ ആദ്യ ടെസ്റ്റിലെ തോൽവിക്ക് ഇന്ത്യക്ക് പകരം വീട്ടാം. ഒപ്പം പരമ്പര സമനിലയിലുമാക്കാം.