എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ലങ്കയ്ക്കെതിരെ; ഏഷ്യാകപ്പ് കലാശപ്പോര് ഇന്ന്
|ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ കൂടാതെ സൂപ്പർ ഫോറിൽ പാകിസ്താനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു.
കൊളംബോ: ഏഷ്യാകപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. വൈകിട്ട് മൂന്നിന് കോളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ സൂപ്പർ ഫോറിൽ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ കലാശപ്പോരിന് ഇന്നിറങ്ങുന്നത്. എട്ടാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം.
ഏഷ്യാകപ്പ് നേടി ലോകകപ്പിന് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ കൂടാതെ സൂപ്പർ ഫോറിൽ പാകിസ്താനെ വമ്പൻ മാർജിനിൽ പരാജയപ്പെടുത്തിയതും ഇന്ത്യക്ക് പ്രതീക്ഷ കൂട്ടുന്നു. അതേസമയം, പാകിസ്താനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഏഷ്യാകപ്പ് നിലനിർത്താമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക.
സൂപ്പർഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ആറ് റണ്ണിന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് ശ്രീലങ്കയുമായുള്ള ജയത്തോടെ ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നേപ്പാളിനെയും തുടർന്ന് പാകിസ്താനെയും ശ്രീലങ്കയേയും തകർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
ഗ്രൂപ്പ് സ്റ്റേജിൽ ബംഗ്ലദേശിനേയും അഫ്ഗാനെയും സൂപ്പർ ഫോറിൽ ബംഗ്ലദേശിനേയും പാകിസ്താനെയും തകർത്താണ് ശ്രീലങ്ക ഫൈനലിലേക്ക് കടന്നത്. സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയോട് മാത്രമായിരുന്നു ലങ്കയുടെ തോൽവി. ഏഷ്യാ കപ്പിൽ എക്കാലത്തും ആധിപത്യം പുലർത്തിയ ടീമാണ് ഇന്ത്യ. 2018ലാണ് ടീം അവസാനമായി കിരീടം നേടിയത്. ഇതുവരെ ഏഴ് തവണയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
1984, 1988, 1991, 1995, 2010, 2016, 2018 എന്നീ വർഷങ്ങളിലായിരുന്നു ഇത്. അതേസമയം, ഏഴാം കിരീടത്തിനായാണ് ശ്രീലങ്ക ഇറങ്ങുന്നത്. 2022ലായിരുന്നു ലങ്കയുടെ ഒടുവിലെ കിരീടനേട്ടം. അതിനു മുമ്പ് 1986, 1997, 2004, 2008, 2014 വർഷങ്ങളിലായിരുന്നു ലങ്ക ചാമ്പ്യന്മാരായത്. ദുബൈ സ്റ്റേഡിയത്തിൽ പാകിസ്താനെ 23 റൺസിന് തകർത്താണ് 2022ൽ ശ്രീലങ്ക ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.
അതേസമയം, ഫൈനൽ പോരാട്ടത്തിൽ മഴ വീണ്ടും വില്ലനാവുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇപ്രാവശ്യം ടൂർണമെന്റിലെ നിരവധി മത്സരങ്ങളിൽ മഴ വില്ലനായി എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ- പാക് മത്സരത്തിൽ മഴ കളി മുടക്കിയതോടെ റിസർവ് ദിനത്തിലേക്ക് മാറ്റിവച്ച മത്സരത്തിൽ രോഹിതും സംഘവും 228 റൺസിന്റെ കൂറ്റൻ വിജയമാണ് നേടിയത്.
ഇന്ന് മത്സരം തുടങ്ങുന്ന സമയത്ത് തന്നെ മഴയുണ്ടാവുമെന്നാണ് പ്രവചനം. വൈകീട്ട് മഴ പെയ്യാനുള്ള സാധ്യത 50 ശതമാനമാണ്. ഇത് രാത്രി വരെ തുടർന്നേക്കാം. കനത്ത കാറ്റും ഉണ്ടായേക്കാം. ഇടയ്ക്കിടെ മഴ തടസപ്പെടുത്തിയാൽ മത്സരത്തിന്റെ ഓവർ കുറയ്ക്കാനുള്ള സാധ്യതയുണ്ട്. പ്രേമദാസ സ്റ്റേഡിയത്തിലെ താപനില 24 മുതൽ 28 ഡിഗ്രി വരെ ആയിരിക്കും.
ഫൈനൽ പോരാട്ടം മഴ മൂലം നടക്കാതെ വന്നാൽ മത്സരം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കും. നിർത്തിയിടത്ത് നിന്ന് തന്നെയായിരിക്കും കളി പുനരാരംഭിക്കുക. അന്നും മഴ മുടക്കിയാൽ- അതായത് മറ്റെന്നാളും 20 ഓവർ മത്സരമെങ്കിലും പൂർത്തിയാക്കാനായില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത ചാമ്പ്യൻമാരായി പ്രഖ്യാപിക്കും. റിസർവ് ദിനമായി കണക്കാക്കുന്ന തിങ്കളാഴ്ചയും കൊളംബോയിൽ മഴ പെയ്യാനുള്ള സാധ്യത 80 ശതമനമാണെന്നാണ് പ്രവചനം.