സൂപ്പർ ഓവർ ത്രില്ലറിൽ ഇന്ത്യ; ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരി (3-0)
|മുൻ നിര ബാറ്റർമാർ പരാജയപ്പെട്ട മത്സരത്തിൽ ശുഭ്മാൻ ഗിൽ (39) മികവിലാണ് ഇന്ത്യ 138 റൺസ് നേടിയത്.
പല്ലെകേലെ: ശ്രീലങ്കക്കെതിരായ മൂന്നാം ടി20യും വിജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യ (3-0). സൂപ്പർ ഓവറിലാണ് ലങ്കയെ കീഴടക്കിയത്. ഇന്ത്യൻ വിജയ ലക്ഷ്യമായ 138 റൺസ് പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്കക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ ആയുള്ളൂ. മത്സരം ടൈ ആയതോടെ സൂപ്പർ ഓവറിലേക്ക് നീങ്ങി. വാഷിങ്ടൺ സുന്ദർ എറിഞ്ഞ ഓവറിൽ രണ്ട് റൺസെടുക്കാനാണ് ആതിഥേയർക്കായത്. നേരിട്ട ആദ്യ പന്തിൽതന്നെ ബൗണ്ടറി പറത്തി സൂര്യകുമാർ യാദവ് ഇന്ത്യക്ക് മൂന്നാം ജയം സമ്മാനിച്ചു. വൺഡൗണായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ തുടരെ രണ്ടാം മാച്ചിലും പൂജ്യത്തിന് മടങ്ങി.
മുൻ നിര ബാറ്റർമാർ പരാജയപ്പെട്ട മത്സരത്തിൽ ശുഭ്മാൻ ഗിൽ (39) മികവിലാണ് ഇന്ത്യ 138 റൺസ് നേടിയത്. റിയാൻ പരാഗ് 26 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ ശ്രീലങ്ക അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയുടെ സ്കോറിനൊപ്പെത്തി. കുശാൽ പെരേര (46), കുശാൽ മെൻഡിസ് (43) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഒപ്പമെത്തിച്ചത്. ശ്രീലങ്ക വിജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നിന്നാണ് ഇന്ത്യ തിരിച്ചുവരവ് നടത്തിയത്.
ഒന്നാം വിക്കറ്റിൽ പതും നിസങ്ക (26) കുശാൽ സഖ്യം 58 റൺസ് കൂട്ടിചേർത്തു. എന്നാൽ നിസങ്കയെ പുറത്താക്കി രവി ബിഷ്ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ മെൻഡിസ് - കുശാൽ സഖ്യം 52 റൺസും കൂട്ടിചേർത്തു. മെൻഡിസ് മടങ്ങിയതിന് പിന്നാലെ വാനിന്ദു ഹസരങ്ക (3), ചരിത് അസലങ്ക (0) വേഗത്തിൽ കൂടാരം കയറിയത് ലങ്കക്ക് തിരിച്ചടിയായി. രമേഷ് മെൻഡിസ്, കുശാൽ പെരേര എന്നിവരെ ഒരോവറിൽ റിങ്കു സിംഗ് മടക്കിയയച്ചു. ഇതോടെ ആറിന് 132 എന്ന നിലയിലായി ലങ്ക. അവസാന ഓവറിൽ ആറ് റൺസാണ് ലങ്കയ്ക്ക ജയിക്കാൻ വേണ്ടിയിരുന്നത്. സൂര്യകുമാർ എറിഞ്ഞ ഓവറിൽ അഞ്ച് റൺസെടുക്കാനാണായത്. വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, റിങ്കു സിംഗ്, സൂര്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.