ഇന്ത്യക്ക് 110 റൺസ് തോൽവി; ഏകദിന പരമ്പര തൂത്തുവാരി ശ്രീലങ്ക (2-0)
|1997ന് ശേഷം ആദ്യമായാണ് ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്ക സ്വന്തമാക്കുന്നത്.
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ദയനീയ തോൽവി. മൂന്നാമത്തേയും മത്സരത്തിൽ 110 റൺസിനാണ് തോറ്റത്. ഇതോടെ പരമ്പര (2-0) ആതിഥേയരായ ശ്രീലങ്ക സ്വന്തമാക്കി. 1997ന് ശേഷം ആദ്യമായാണ് ഇന്ത്യക്കെതിരായ പരമ്പര ശ്രീലങ്ക സ്വന്തമാക്കുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 26.1 ഓവറിൽ 138ൽ അവസാനിച്ചു. 35 റൺസുമായി രോഹിത് ശർമയാണ് ടോപ് സ്‌കോറർ. വാഷിങ്ടൺ സുന്ദർ(30) വാലറ്റത്തെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലംകണ്ടില്ല. ഒരുഘട്ടത്തിൽ പോലും ശ്രീലങ്കക്കെതിരെ മേധാവിത്വം പുലർത്താൻ ഇന്ത്യക്കായില്ല.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ കളി പാതിവഴി പിന്നിട്ടപ്പോഴേക്ക് ഇന്ത്യക്ക് കളംവിടേണ്ടിവന്നു. ഓപ്പണിങ് ഒരിക്കൽ കൂടി പരാജയപ്പെട്ടു. സ്‌കോർ 37ൽ നിൽക്കെ ശുഭ്ഗാൻ ഗില്ലിനെ (6) ആദ്യം നഷ്ടമായി. വിരാട് കോഹ്‌ലി (20), കെ.എൽ രാഹുലിന് പകരം ടീമിലെത്തിയ ഋഷഭ് പന്ത് (6), ശ്രേയസ് അയ്യർ (8), അക്‌സർ പട്ടേൽ (2), റിയാൻ പരാഗ് (15), ശിവം ദുബെ (9) എന്നിവരും വേഗത്തിൽ കൂടാരം കയറി. ശ്രീലങ്കൻ നിരയിൽ ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ശ്രീലങ്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ പതും നിസാങ്കയും അവിഷ്‌ക ഫെർണാണ്ടോയും അടിത്തറപാകി. ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 89 റൺസ് കൂട്ടിചേർത്തു. ആവിഷ്‌ക ഫെർണാണ്ടോ(96) റൺസുമായി ശ്രീലങ്കൻ നിരയിൽ ടോപ് സ്‌കോററായി. സെഞ്ച്വറിക്ക് നാല് റൺസ് അകലെ താരത്തെ റയാൻ പരാഗ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. നിസാങ്ക(45), കുഷാൽ മെൻഡിസ്(59) എന്നിവരും മികച്ച പിന്തുണ നൽകി. 171-2 എന്ന നിലയിൽ നിന്ന് ്199-6 എന്ന നിലയിലേക്ക് ശ്രീലങ്കയെ പിടിച്ചുകെട്ടാൻ ഇന്ത്യക്കായെങ്കിലും അവസാന ഓവറുകളിൽ കമിന്ദു മെൻഡിസ്(23) ആഞ്ഞടിച്ചതോടെ ആതിഥേയർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തി. അവിഷ്‌ക ഫെർണാണ്ടസാണ് കളിയിലെ താരം. ദുനിത് വെല്ലലഗെയാണ് പരമ്പരയിലെ താരം