'കൊടുങ്കാറ്റായി മക്കോയ്'; വിൻഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച
|വെസ്റ്റിൻഡീസിന് 139 റൺസ് വിജയ ലക്ഷ്യം
വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തിൽ പ്രതീക്ഷിച്ച സ്കോർ നേടാതെ ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ 138 റൺസിന് എല്ലാവരും പുറത്തായി. നാലോവറിൽ വെറും 17 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ഒബേദ് മക്കോയിയാണ് ഇന്ത്യയെ തകർത്തത്.
ക്യാപ്റ്റൻ രോഹിത് അടക്കം ഇന്ത്യൻ ബാറ്റിങ് പൂർണ്ണമായും പരാജയപ്പെട്ടു. രോഹിത് ശർമ്മ ഡക്കിലാണ് പുറത്തായത്. 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയും 27 റൺസെടുത്ത രവീന്ദ്ര ജഡേജയും 24 റൺസെടുത്ത റിഷഭ് പന്തുമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. സൂര്യകുമാർ യാദവ് (11), ശ്രേയസ് അയ്യർ (10), കാർത്തിക്(7) എന്നിവരെല്ലാം നിരാശരാക്കി.
രോഹിത്, സൂര്യകുമാർ, ജഡേജ, കാർത്തിക്, അശ്വിൻ, ഭുവനേശ്വർ എന്നിവരെയാണ് മക്കോയ് കൂടാരം കയറ്റിയത്. ഹോൾഡർ 2 വിക്കറ്റും ഹൊസൈൻ ജോസഫ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ വെസ്റ്റിന്‍ഡീസ് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കീമോ പോളും ഷെമ്രാ ബ്രൂക്സും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഒഡീന്‍ സ്മിത്തും ഡെവോണ്‍ തോമസും വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.
മറുവശത്ത് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ രവി ബിഷ്ണോയിക്ക് നേരിയ പരിക്കുള്ളതിനാല്‍ പേസര്‍ ആവേശ് ഖാന്‍ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിന് മുന്‍പിലാണ്.