Cricket
വിശ്രമം ഇല്ല, അഞ്ചിലാര് എന്ന് ഇന്നറിയാം; വൻ പ്രതീക്ഷയിൽ ഇന്ത്യ
Cricket

വിശ്രമം ഇല്ല, അഞ്ചിലാര് എന്ന് ഇന്നറിയാം; വൻ പ്രതീക്ഷയിൽ ഇന്ത്യ

Web Desk
|
13 Aug 2023 1:28 AM GMT

നാലാം ടി20 അവസാനിച്ച് ഒരു ദിവസം പോലും വിശ്രമം ഇല്ലാതെയാണ് ഇരു ടീമുകളും അഞ്ചാം പോരിന് ഒരുങ്ങുന്നത്

ഫ്‌ളോറിഡ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഫ്‌ളോറിഡയിൽ നടക്കും. നാലാം ടി20 അവസാനിച്ച് ഒരു ദിവസം പോലും വിശ്രമം ഇല്ലാതെയാണ് ഇരു ടീമുകളും അഞ്ചാം പോരിന് ഒരുങ്ങുന്നത്. ഇരു ടീമുകളും രണ്ട് മത്സരങ്ങൾ വീതം ജയിച്ച് 2-2 എന്ന നിലയിൽ ആയതിനാൽ ഇന്നാണ് 'ഫൈനൽ'.

ആദ്യ രണ്ട് മത്സരങ്ങള്‍ വിൻഡീസ് ജയിച്ചെങ്കിൽ പിന്നീടുള്ള രണ്ട് മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ തിരിച്ചടിച്ചത്. രണ്ട് മത്സരങ്ങൾ വിജയിച്ച് ഇന്ത്യ മികവ് കാണിക്കുന്നു എന്നതാണ് വിൻഡീസിന് തലവേദനയാകുന്നത്. റൺസ് ഒഴുകുന്ന ഫ്‌ളോറിഡയിലെ പിച്ചാണ് അഞ്ചാം മത്സരത്തിനും വേദിയാകുന്നത്. ഫ്‌ളോറിഡയിൽ ആദ്യം ബാറ്റ് ചെയ്യുന്നവരാണ് അധികവും ജയിക്കാറ്. എന്നാൽ ഇന്നലെ ചേസിങ് ടീമിനൊപ്പമാണ് കാര്യങ്ങൾ നിന്നത്. ഈ റെക്കോർഡ് മുൻനിർത്തിയാണ് നായകൻ റോവ്മാൻ പവൽ ടോസ് നേടിയ ഉടനെ ബാറ്റിങ് തെരഞ്ഞെടുത്തത്.

എന്നാൽ വിൻഡീസ് മുന്നോട്ടുവെച്ച വിജയലക്ഷ്യത്തിന് ഇന്ത്യൻ ഓപ്പണർമാർ തന്നെ ധാരാളമായിരുന്നു. റെക്കോർഡ് ഓപ്പണിങ് പാർട്ണർഷിപ്പ് പിറന്നപ്പോൾ ഇന്ത്യ പതിനെട്ട് പന്തുകൾ ബാക്കിനിർത്തി ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിൽ എത്തി. ഈ ഓപ്പണർമാരും തിലക് വർമ്മ- സൂര്യകുമാർ യാദവ് അടങ്ങിയ ബാറ്റിങ് നിരയുമാണ് ഇന്ത്യക്ക് പ്രതീക്ഷയേകുന്നത്. മലയാളി താരം സഞ്ജുവാണ് വിക്കറ്റിന് പിന്നിൽ. വിക്കറ്റിന് പിന്നിൽ മികവ് തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരത്തിന് ബാറ്റിങിൽ അവസരം ലഭിച്ചില്ല. ഇന്നും നാലാം ടി20യിലെ അതെ ടീമിനെത്തന്നെയാകും ഇന്ത്യ നിലനിർത്തുക. ആ നിലക്കുള്ള സൂചനകളാണ് നായകൻ ഹാർദിക് പാണ്ഡ്യ നൽകിയത്.

ബൗളർമാർ പ്രത്യേകിച്ച് സ്പിൻ ബൗളർമാരാണ് വിൻഡീസിനെ കുഴപ്പിച്ചത്. അക്‌സറും കുൽദീപും ചഹലും അടക്കമുള്ള സ്പിന്നർമാർ കളിയുടെ മധ്യഭാഗത്തെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതോടെയാണ് വിൻഡീസ് തകരുന്നത്. മൂന്ന് പേരും ഓരോ വിക്കറ്റ് വീഴ്ത്തിയാൽ തന്നെ വിൻഡീസിന്റെ സ്‌കോർബോർഡിൽ റൺസ് എത്തില്ല. രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് ആണ് കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 26 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്, അതൊടെ വിൻഡീസിന്റെ വമ്പ് തീർന്നിരുന്നു.

Similar Posts