Cricket
രണ്ടാം ടി20: ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത, ആശങ്കയായി ഗയാനയിലെ പിച്ച്
Cricket

രണ്ടാം ടി20: ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത, ആശങ്കയായി ഗയാനയിലെ പിച്ച്

Web Desk
|
6 Aug 2023 1:42 AM GMT

യശ്വസി ജയ്സ്വാൾ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയേക്കും. രാത്രി എട്ടിന് ഗയാനയിലാണ് മത്സരം.

ഗയാന: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യ, ശക്തമായ തിരിച്ച് വരവാണ് ലക്ഷ്യമിടുന്നത്. ടെസ്റ്റ്, ഏകദിന പരമ്പരകൾ നഷ്ടമാക്കിയ വെസ്റ്റ്ഇന്‍ഡീസിന് വിജയം തുടർന്ന് പരമ്പര സുരക്ഷിതമാക്കാനാകും ഇറങ്ങുക. യശ്വസി ജയ്സ്വാൾ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയേക്കും. രാത്രി എട്ടിന് ഗയാനയിലാണ് മത്സരം.

ബാറ്റിങ് ശക്തിപ്പെടുത്താനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നത്. നായകൻ ഹാർദിക് പാണ്ഡ്യ മുതൽ ഓപ്പണർ ഇഷാൻ കിഷൻ വരെ ക്ലിക്കാവേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ നേരിട്ട മൂന്ന് പന്തിനുള്ളിൽ തിലക് വർമ്മ നേടിയ രണ്ട് സിക്‌സറുകളാണ് ഇന്ത്യൻ ബാറ്റിങിൽ എടുത്തു പറയാനുണ്ടായിരുന്നത്. താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്. കഴിഞ്ഞ മത്സരത്തിലെ പിച്ച് ബാറ്റിങ് സൗഹൃദമല്ലായിരുന്നുവെങ്കിലും ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്താളം അതൊരു പോരായ്മയായി പറയാനാവില്ല.

എല്ലാവരും ഐപിഎല്ലിലുൾപ്പെടെ കഴിവ് തെളിയിച്ചവരാണ്. ഓപ്പണിങ് മുതൽ വാലറ്റം വരെയുള്ള ബാറ്റിങ് നിരയിൽ ഇന്ത്യക്ക് ആശങ്കകളാണ് ആദ്യടി20 സമ്മാനിച്ചിരുന്നത്. ആരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. അതേസമയം രണ്ടാം മത്സരത്തില്‍ ചില മാറ്റങ്ങൾക്ക് മുതിർന്നേക്കും എന്ന റിപ്പോർട്ടുകൾ സജീവമാണ്. ടെസ്റ്റിൽ വൻ ഫോമിലായ യശസ്വി ജയ്‌സ്വാളിന് അവസരം ലഭിച്ചേക്കും. അങ്ങനെ വന്നാൽ ആര് പുറത്താകും എന്ന് വ്യക്തമല്ല. ഓപ്പണിങ് സ്ഥാനത്താണ് ജയ്‌സ്വാൾ തിളങ്ങുന്നത്. ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യുന്ന കിഷൻ-ഗിൽ സഖ്യത്തെ മാറ്റുമോ എന്ന് ഉറപ്പില്ല.

അതേസമയം മലയാളി താരം സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യത ഏറെയാണ്. ആദ്യ മത്സരത്തിൽ റൺഔട്ടിലൂടെയാണ് സഞ്ജു പുറത്തായിരുന്നത്. മികവ് തെളിയിച്ചെങ്കിൽ മാത്രമെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാനാകൂ. അതേസയം ഗയാനയിലെ പിച്ചും ആദ്യ മത്സരത്തിൽ നിന്ന് ഭിന്നമാകില്ലെന്നാണ് പറയപ്പെടുന്നത്. ഒരുവർഷം മുമ്പ് ബംഗ്ലാദേശിനെതിരെയാണ് വിൻഡീസ് ഇവിടെ അവസാനം കളിച്ചത്. സ്പിൻ ബൗളര്‍മാരാണ് അന്ന് കളി കൊണ്ടുപോയിരുന്നത്. റൺസ് കണ്ടെത്താൻ അന്ന് രണ്ട് ടീമുകളും ബുദ്ധിമുട്ടി. അവധി ദിനം ആയതിനാൽ രണ്ടാം മത്സരത്തിൽ കാണികളുടെ എണ്ണവും വർധിക്കും.

Related Tags :
Similar Posts