തകർപ്പൻ തുടക്കവുമായി ജയ്‌സ്വാളും രോഹിതും: രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ഗംഭീര തുടക്കം
|വിൻഡീസ് ബൗളർമാർ മാറിമാറി എറിഞ്ഞിട്ടും ഓപ്പണിങ് സഖ്യത്തെ വീഴ്ത്താനായില്ല.
ട്രിനിഡാഡ്: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഗംഭീര തുടക്കവുമായി ഇന്ത്യ. ഓപ്പണർമാരായ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും തകർപ്പൻ ഫോം തുടരുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 119 റൺസെന്ന നിലയിലാണ്. രോഹിത് ശർമ്മ(62) ജയ്‌സ്വാൾ(51) എന്നിവരാണ് ക്രീസിൽ. ടോസ് നേടിയ വെസ്റ്റ്ഇൻഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസ് ബൗളർമാർ മാറിമാറി എറിഞ്ഞിട്ടും ഓപ്പണിങ് സഖ്യത്തെ വീഴ്ത്താനായില്ല.
ആദ്യം തകർത്തടിച്ച് കളിച്ചത് ജയ്‌സ്വാളായിരുന്നുവെങ്കിലും പിന്നീട് രോഹിത് ഏറ്റെടുക്കുകയായിരുന്നു. ആദ്യം രോഹിത് അർദ്ധ സെഞ്ച്വറി നേടിയപ്പോൾ തൊട്ടുപിന്നാലെ ജയ്‌സ്വാളും 50 തൊട്ടു. അൽസാരി ജോസഫിനെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ചായിരുന്നു ജയ്‌സ്വാളിന്റെ അർധ ശതകം. 51 പന്തുകളിൽ നിന്നായിരുന്നു ജയ്‌സ്വാളിന്റെ അര്‍ധശതകം.
എട്ട് ഫോറും ഒരു സിക്‌സറും ജയ്‌സ്വാളിന്റെ ബാറ്റിൽ നിന്നും പിറന്നു. ആദ്യ ടെസ്റ്റിലും ഇരുവരും സെഞ്ച്വറി നേടിയിരുന്നു. 23.2 ഓവർ പിന്നിടുമ്പോൾ തന്നെ അഞ്ച് ബൗളർമാർ വിൻഡീസിനായി പന്ത് എറിഞ്ഞു. അതേസമയം കഴിഞ്ഞ ടെസ്റ്റിൽ നിന്ന് ഒരു മാറ്റവുമായണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശർദുൽ താക്കൂറിന് പകരം മുകേഷ് കുമാറിന് അവസരം ലഭിച്ചു. താരത്തിന്റെ അരങ്ങേറ്റ മത്സരമാണ്. ആദ്യ ടെസ്റ്റിലും ഇന്ത്യക്കായി രണ്ട് പേർ അരങ്ങേറിയിരുന്നു. യശസ്വി ജയ്‌സ്വാളും ഇഷാൻ കിഷനും. ഇതിൽ ജയ്‌സ്വാൾ അവസരം മുതലെടുക്കുകയും ചെയ്തു.