ശുഭ്മാൻ ഗിലിന് അർധ സെഞ്ച്വറി; സിംബാബ്‌വെയെ 23 റൺസിന് തകർത്ത് യങ് ഇന്ത്യ
|അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസൺ 7 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു
ഹരാരെ: സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 23 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയർക്ക് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ ആയുള്ളൂ. ഇന്ത്യക്കായി ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ യുവ ഇന്ത്യ 2-1 മുന്നിലെത്തി.
183 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‌വെയുടെ തുടക്കം പാളി. ഇന്ത്യൻ പേസർമാർക്ക് മുന്നിൽ മുൻനിര തകർന്നടിഞ്ഞു. ഓപ്പണർ വെസ്‌ലി മധവീരയെ(1)യേയും തദിവൻഷെ മരുമണിയേയും(13) വേഗത്തിൽ നഷ്ടമായി. ബ്രിയാൻ ബെണ്ണറ്റ്(4) കൂടാരം കയറിയതോടെ പവർപ്ലെയിൽ തകർന്നടിഞ്ഞു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ സിക്കന്തർ റാസ-ഡിയോൺ മയേർസ് കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ 15 റൺസിൽ നിൽക്കെ റാസയെ വാഷിങ്ടൺ സുന്ദർ റിങ്കു സിങിന്റെ കൈകളിലെത്തിച്ചു. ജൊനാഥൻ ക്യാംപ് വെലിനേയും(1) മടക്കിയയച്ച് സുന്ദർ ഇരട്ടിപ്രഹരം നൽകി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച മയേർസ് അവസാന ഓവറുകളിൽ ആഞ്ഞടിച്ചെങ്കിലും വിജയം ഏറെ അകലെയായിരുന്നു. മയേഴ്‌സ് 49 പന്തിൽ 65 റൺസുമായി ടോപ് സ്‌കോററായി. ഇന്ത്യക്കായി വാഷിങ്ടൺ സുന്ദർ മൂന്നും ആവേഷ് ഖാൻ രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസ് കുറിച്ചത്. അർധ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ മികച്ച പ്രകടനം നടത്തി. 49 പന്തിൽ ഏഴ് ഫോറും മൂന്നു സിക്സറും സഹിതം 66 റൺസാണ് താരം നേടിയത്. 28 പന്തിൽ 49 റൺസുമായി ഋതുരാജ് ഗെയിക്വാദ്, 27 പന്തിൽ 36 റൺസുമായി യശസ്വി ജയ്സ്വാൾ മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ 7 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു.
ട്വന്റി 20 ലോകകപ്പിന് ശേഷം മടങ്ങിയെത്തിയ ജയ്സ്വാൾ ഓപ്പണിങ് റോളിൽ സ്ഥാനം പിടിച്ചപ്പോൾ അഭിഷേക് ശർമ വൺഡൗണിലേക്ക് മാറി. ഒന്നാം വിക്കറ്റിൽ ഗിലും-ജയ്സ്വാളും ചേർന്ന് 67 റൺസ് കൂട്ടിചേർത്തു. കഴിഞ്ഞ മാച്ചിൽ സെഞ്ച്വറി പ്രകടനം നടത്തിയ അഭിഷേകിന് മൂന്നാം ടി20യിൽ തിളങ്ങാനായില്ല. 10 റൺസെടുത്ത യുവതാരത്തെ സിക്കന്തർ റാസ മടക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗിൽ-ഋതുരാജ് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി. ജയ്സ്വാളിനും സഞ്ജുവിനും പുറമെ ശിവംദുബെയും ടീമിലേക്ക് മടങ്ങിയെത്തി. സിംബാബ്വെക്കായി മുസറബാനിയും ക്യാപ്റ്റൻ സിക്കന്തർ റാസയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.