ഇന്ത്യ-വെസ്റ്റ്ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്: സഞ്ജുവിന് ഇന്നും അവസരം ലഭിച്ചേക്കും
|തുടര്‍ജയത്തോടെ പരമ്പര നേട്ടമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സഞ്ജു സാംസണ് ഇന്നും ടീമില്‍ ഇടമുണ്ടാകും.
പോർട്ട് ഓഫ് സ്‌പെയിൻ: ഇന്ത്യ- വെസ്റ്റ്ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. തുടര്‍ജയത്തോടെ പരമ്പര നേട്ടമെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സഞ്ജു സാംസണ് ഇന്നും ടീമില്‍ ഇടമുണ്ടാകും.
ബാറ്റര്‍മാരുടെ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയത്. നായകന്‍ ശിഖര്‍ ധവാന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്ലും ശ്രേയാസ് അയ്യരുമെല്ലാം അര്‍ദ്ധസെഞ്ചുറികള്‍ നേടി. മുന്‍നിര ഫോമിലേക്കുയര്‍ന്നതിന്റെ ആത്മവിശ്വാസമാണ് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുമ്പോള്‍ ടീം ഇന്ത്യയുടെ കരുത്ത്. ആദ്യ മത്സരത്തില്‍ പെട്ടെന്ന് പുറത്തായ സഞ്ജുവിന് ഇന്നെങ്കിലും ഫോമിലേക്കുയരേണ്ടത് അത്യാവശ്യമാണ്. അതേസമയം വിക്കറ്റിന് പിറകില്‍ സഞ്ജു നടത്തിയ ഉജ്ജ്വല പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
സൂര്യകുമാര്‍ യാദവും ദീപക് ഹൂഡയും അക്സര്‍ പട്ടേലുമടങ്ങുന്ന മധ്യനിരയും കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ വിജയം എളുപ്പമാകും. ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്തുയരാതിരുന്ന ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിനും ഇന്ന് നിര്‍ണായകമാണ്. കൂടുതല്‍ അടി വാങ്ങിയ പ്രസിദ്ധ് കൃഷ്ണക്ക് പകരം ആവേശ് ഖാനെ പരീക്ഷിച്ചേക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്നും ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒപ്പം ഒരു റെക്കോര്‍ഡും. ഒരു രാജ്യത്തിനെതിരെ ഏറ്റവും കൂടുതല്‍ പരമ്പര നേട്ടമെന്ന റെക്കോര്‍ഡാണ് ഇന്ത്യയെ തേടിയെത്തുക. 11 പരമ്പരകളാണ് ഇന്ത്യ ഇതുവരെ വിന്‍ഡീസിനെതിരെ നേടിയത്. ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്ക് മത്സരം തുടങ്ങും.