Cricket
India will face England in the ODI World Cup today
Cricket

ഇംഗ്ലണ്ടിനെയും വീഴ്ത്താൻ ഇന്ത്യ; ജീവൻ മരണ പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാർ

Sports Desk
|
29 Oct 2023 1:12 AM GMT

ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ഇംഗ്ലണ്ടിന് ജീവൻ മരണ പോരാട്ടം

ലഖ്‌നൗ: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിനെ മറികടന്ന് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ആദ്യ നാലിൽ എത്താൻ ഇനിയുള്ള ഓരോ മത്സരങ്ങളും ജീവൻ മരണ പോരാട്ടമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്. ഈ ലോകകപ്പിന്റെ തുടക്കം അവർക്ക് അത്ര നല്ലതല്ല. കളിച്ച അഞ്ചിൽ നാലിലും പരാജയം, കേവലം രണ്ടുപോയിന്റുമായി പട്ടികയിൽ ഏറ്റവും ഒടുവിലാണ് ചാമ്പ്യന്മാർ. ഇന്ത്യയെ നേരിടുമ്പോൾ സമ്മർദം മുഴുവൻ ഇംഗ്ലണ്ടിനാണ്. ജയിച്ചില്ലെങ്കിൽ വിദൂരമായുള്ള ഒരു സെമി സാധ്യത പോലും ഇനി ഉണ്ടാകില്ല. ടോസ് നിർണായകമായ ലഖ്‌നൗ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരെ നേരിടാനുള്ള, മുന്നൊരുക്കം ഇന്നലെ പരിശീലനത്തിടയിലും ഇംഗ്ലണ്ട് താരങ്ങൾ നടത്തി. ആർ അശ്വിൻ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ എത്തിയാൽ, നേരിടാനായി ബെൻ സ്റ്റോക്ക്‌സിന്റെ ഓഫ് സ്പിൻ പന്തുകൾ ഇന്നലെ നെറ്റ് പ്രാക്ടീസിനിടയിൽ നിരന്തരം പരിശീലിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരത പുലർത്താത്ത ടീമിന് തിരിച്ചുവരവിനുള്ള അവസാന സാധ്യതയാണ് ഇന്നത്തെ മത്സരം.

മറുവശത്ത് ഇന്ത്യയ അപരാജിത കുതിപ്പ് തുടരുകയാണ്. കളിച്ച അഞ്ചു മത്സരങ്ങളിലും ആധികാരികമായ ജയം. മികച്ച ഫോമിലുള്ള മുൻനിര ബാറ്റർമാർ, തുടക്കത്തിലെ എതിരാളികൾക്ക് പ്രഹരം ഏൽപ്പിക്കാൻ കെൽപ്പുള്ള പേസ് ബൗളർമാർ, ആരെയൊക്കെ ടീമിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിലാകും കോച്ചിനും ക്യാപ്റ്റനും തല പുകക്കേണ്ടി വരിക. കഴിഞ്ഞ മത്സരത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, ടീമിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ മുഹമ്മദ് സിറാജിന് വിശ്രമിക്കേണ്ടി വന്നേക്കാം. സ്പിന്നർമാരെ തുണക്കുന്ന ലഖ്‌നൗ പിച്ചിൽ ആർ അശ്വിന് നറുക്ക് വീണേക്കും. അങ്ങനെയെങ്കിൽ പേസ് ബൗളർമാർ രണ്ടായി ചുരുങ്ങും. ഹാർദിക് പാണ്ഡ്യ ഇന്നത്തെ മത്സരത്തിലും കളത്തിൽ ഇറങ്ങില്ല. പാണ്ഡ്യക്ക് പകരമായി കഴിഞ്ഞ മത്സരത്തിൽ എത്തിയ സൂര്യകുമാർ യാദവ് പ്ലെയിൻ ഇലവനിൽ തുടരുമോ അതല്ല, ഇഷാൻ കിഷനോ ഷാർദുൽ താകൂറോ തിരികെയെത്തുമോ. എന്ന സസ്‌പെൻസ് തുടരുകയാണ്.

India will face England in the ODI World Cup today

Similar Posts