Cricket
ടി20 ലോകകപ്പിലെ ക്ഷീണം മാറ്റാൻ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ
Cricket

ടി20 ലോകകപ്പിലെ ക്ഷീണം മാറ്റാൻ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെതിരെ

Sports Desk
|
17 Nov 2021 1:32 AM GMT

ഇന്ത്യയിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരമാണ് ഇന്ന് അരങ്ങേറുക

ടി20 ലോകകപ്പിലെ ക്ഷീണം മാറ്റാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെതിരെ ജയ്പൂരിൽ കളിക്കാനിറങ്ങുന്നു. ടി20 യും ടെസ്റ്റുമടങ്ങുന്ന പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരമാണ് ഇന്ന് നടക്കുന്നത്. നവംബർ 19ന് റാഞ്ചിയിൽ രണ്ടാമത്തെ ടി20യും 21ന് കൊൽക്കത്തയിൽ മൂന്നാമത്തെ ടി20യും നടക്കും. തുടർന്ന് രണ്ട് ടെസ്റ്റുകളും നടക്കും. കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷവും രാഹുൽ ദ്രാവിഡ് പരിശീലകനായി ചുമതലയേറ്റടുത്തതിന് ശേഷവുമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ന്യൂസിലാൻഡിനെതിരെ ഇന്ന് നടക്കുന്നത്.

വിരാട് കോലി പിന്മാറിയതിനാൽ ടി 20 മത്സരങ്ങളിൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ലോകേഷ് രാഹുലാണ് ഉപനായകൻ. ഋതുരാജ് ഗെയിക് വാദ്, ശ്രേയസ് അയ്യർ, ,സൂര്യകുമാർ യാദവ്, റിഷബ് പന്ത്, ഇഷൻ കിഷൻ, വെങ്കടേഷ് അയ്യർ, യൂസ്വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, അക്സർ പട്ടേൽ, ആവേശ് ഖാൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവർ ടീമിലുണ്ട്. ഐ.പി.എല്ലിലെ മികച്ച ഫോം വഴി ടീമിലെത്തിയ ഋതുരാജ് ഗെയിക് വാദ്, വെങ്കിടേഷ് അയ്യർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ എന്നിവരുടെ പ്രകടനം ആരാധകരടക്കം ഉറ്റുനോക്കുകയാണ്.

കെയ്ൻ വില്യംസൺ പരമ്പരയിൽ നിന്ന് പിന്മാറിയതിനാൽ പേസർ ടിം സൗത്തി ആയിരിക്കും ന്യൂസിലാൻഡിനെ നയിക്കുക. എന്നാൽ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകളും വില്യംസൺ കളിക്കും. നിലവിൽ ജയ്പൂരിൽ പരിശീലനം നടത്തുന്ന കിവീസിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ടീമിനൊപ്പം വില്യംസൺ ചേരുമെന്ന് ന്യൂസിലാൻഡ് ക്രിക്കറ്റ് അറിയിച്ചിട്ടുണ്ട്. ജാമിസൺ, ഡാരിയൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്ത്‌നർ എന്നിവർ ട്വന്റി20, ടെസ്റ്റ് പരമ്പരകൾ കളിക്കും.

ന്യൂസിലാൻഡിനെ തള്ളിക്കളയാനാകില്ലെന്ന് ഇന്ത്യൻ ഹെഡ്‌കോച്ച് രാഹുൽ ദ്രാവിഡ് ഇന്നലെ വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. കിവികൾ എന്ന ടാഗ് കേവലം ഭംഗിവാക്കുമല്ല. മികച്ച കളിയാണ് അവർ പുറത്തെടുക്കുന്നത്.- ദ്രാവിഡ് വ്യക്തമാക്കി. മാനസികാരോഗ്യവും ജോലിഭാര നിയന്ത്രണവും അതിപ്രധാനം താരങ്ങളുടെ മാനസികാരോഗ്യവും ജോലിഭാര നിയന്ത്രണവും അതിപ്രധാനമാണ്. ഈ രണ്ടു കാര്യങ്ങളും എന്റെ കാലയളവിൽ പ്രാധാന്യപൂർവം പരിഗണിക്കും. 'ഫുട്ബോൾ മത്സരങ്ങളിൽ വലിയ താരങ്ങൾ എല്ലാ മത്സരവും കളിക്കാറില്ല. അവരുടെ ആരോഗ്യം സുപ്രധാനമാണ്. വലിയ മത്സരങ്ങൾക്ക് അവരുടെ സാന്നിധ്യം ഉറപ്പിക്കാനാണ് ഈ രീതിയിൽ നീങ്ങുന്നത്'. മത്സരത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തി ൽ ദ്രാവിഡ് നയം വ്യക്തമാക്കി.


Similar Posts