Cricket
കണക്ക് തീർത്ത് ഇന്ത്യ; പാകിസ്താനെതിരെ തകർപ്പൻ ജയം
Cricket

കണക്ക് തീർത്ത് ഇന്ത്യ; പാകിസ്താനെതിരെ തകർപ്പൻ ജയം

Web Desk
|
28 Aug 2022 6:16 PM GMT

ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 19.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്

ദുബൈ: ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ചിരവൈരാകികളായ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റും രണ്ട് ബോളും ബാക്കിയാക്കി ജയിച്ചു. ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും 35 റൺസെടുത്തു. ആദ്യ ഓവറിലെ രണ്ടാ പന്തിൽ കെ.എൽ രാഹുലിനെ പവലിയനിലേക്ക് മടക്കി പാകിസ്താൻ ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പിന്നീടെത്തിയ കോഹ്‌ലിയും ക്യാപ്റ്റ്ൻ രോഹിത് ശർമയും ചേർന്ന് സ്‌കോർ 50 ൽ എത്തിച്ചു. എന്നാൽ, തുടരെ വിക്കറ്റ് വീണത് ഇന്ത്യയുടെ സ്‌കോറിങ്ങിനെ നന്നായി ബാധിച്ചു. പിന്നീടെത്തിയ രവീന്ദ്ര ജഡേജയും ഹർദിക് പാണ്ഡ്യയും ശ്രദ്ധയോടെ ബാറ്റേന്തി ഇന്ത്യയെ വിജയതീരത്തെത്തിച്ചു. പാകിസ്താനായി നസീം ഷാ രണ്ടും മുഹമ്മദ് നവാസ് മൂന്ന് വിക്കറ്റും നേടി.

ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 19.5 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. ഇന്ത്യൻ ബൗളിങ് നിരയുടെ മിന്നും പ്രകടനമാണ് പാകിസ്താനെ തകർത്തത്. ഭുവനേശ്വർ കുമാർ നാല് ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയപ്പോൾ ഹർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ആവേശ് ഖാൻ ഒന്നും അർഷദീപും രണ്ട് വിക്കറ്റ് വീതവും നേടി.

പാക് നിരയിൽ ഓപ്പണർ മുഹമ്മദ് റിസ്വാൻ മാത്രമാണ് തിളങ്ങിയത്. 42 പന്ത് നേരിട്ട റിസ്വാൻ 43 റൺസെടുത്തു. ക്യാപ്റ്റൻ ബാബർ അസമിന് പത്ത് റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ പാകിസ്താൻ പ്രതിസന്ധിയിലായെന്ന് കരുതിയെങ്കിലും വിക്കറ്റ് വിധിച്ച അമ്പയറുടെ തീരുമാനം തെറ്റായിരുന്നെന്ന് ഡിആർഎസിലൂടെ തെളിയുകയായിരുന്നു.

എന്നാൽ, സ്‌കോർ 15 ൽ എത്തി നിൽക്കെ ക്യാപ്റ്റൻ ബാബർ അസമിന്റെ വിക്കറ്റ് പാകിസ്താന് നഷ്ടമായി. പിന്നീട് ഫക്കർ സമാനും റിസ്വാനും ചേർന്ന് സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 42 ൽ എത്തി നിൽക്കെ ഫക്കർ പുറത്തായി. പിന്നീട് സ്‌കോർ ഉയർത്തുന്നതിനിടെ ഇടവേളകളിൽ വിക്കറ്റ് വീണത് പാകിസ്താന് തിരിച്ചടിയാകുകയായിരുന്നു.

Related Tags :
Similar Posts