Cricket
India cricket team, india-australia test

Indian cricket team

Cricket

സ്പിൻ കെണിയിൽ ഓസീസ് കറങ്ങി വീണു; ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം

Web Desk
|
11 Feb 2023 10:27 AM GMT

ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വട്ടംകറങ്ങിയ ഓസീസ് ബാറ്റർമാരെ തകർത്തത് ആർ.അശ്വിന്റെ മികച്ച പ്രകടനമാണ്. 12 ഓവർ എറിഞ്ഞ അശ്വിൻ ഓസീസ് നിരയിലെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്.

നാഗ്പൂർ: സ്പിൻ കെണിയിൽ ഓസീസിനെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റിൽ ആധികാരിക ജയം. ഇന്നിങ്‌സിനും 132 റൺസിനുമാണ് ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ആസ്‌ത്രേലിയ 91 റൺസിന് പുറത്തായി.


ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ വട്ടംകറങ്ങിയ ഓസീസ് ബാറ്റർമാരെ തകർത്തത് ആർ.അശ്വിന്റെ മികച്ച പ്രകടനമാണ്. 12 ഓവർ എറിഞ്ഞ അശ്വിൻ ഓസീസ് നിരയിലെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റെടുത്ത അശ്വിൻ മൊത്തം എട്ട് വിക്കറ്റുകൾ നേടി. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റുകൾ വീതം നേടി. അക്‌സർ പട്ടേൽ ഒരു വിക്കറ്റ് നേടി.

51 പന്തിൽ 25 റൺസെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് പുറത്താകാതെ പിടിച്ചുനിന്നത്. മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. ഉസ്മാൻ ഖ്വാജ (5), ഡേവിഡ് വാർണർ (10), മാർനസ് ലബൂഷെയ്ൻ (17), മാറ്റ് റെൻഷാ (2), പീറ്റർ ഹാൻഡ്സ്‌കോമ്പ് (6), അലക്സ് കാരി (10), പാറ്റ് കമ്മിൻസ് (1), ടോഡി മർഫി (2), നഥാൻ ലിയോൺ (8), സ്‌കോട്ട് ബോളണ്ട് (0) എന്നിങ്ങനെ ദുർബലമായിരുന്നു ഓസീസിന്റെ ബാറ്റിങ്.

നേരത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ സ്‌കോർ ബോർഡിൽ 79 റൺസ് കൂട്ടിച്ചേർത്തു. തലേദിവസത്തെ സ്‌കോറിനോട് നാല് റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ ജഡേജ (185 പന്തിൽ 70) പുറത്തായി. പിന്നീട് മുഹമ്മദ് ഷമിയും അക്സർ പട്ടേലും ചേർന്നാണ് സ്‌കോർ 400-ൽ എത്തിച്ചത്. അക്സർ 174 പന്തിൽ 84 റൺസ് അടിച്ചെടുത്തു. ഷമി 47 പന്തിൽ 37 റൺസ് നേടി. ഓസീസിനായി ടോഡ് മർഫി ഏഴ് വിക്കറ്റുകൾ വീഴ്ത്തി.

നാഗ്പൂർ ടെസ്റ്റിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ ഒരു പടികൂടി അടുത്തു. പരമ്പര വിജയിച്ചാൽ ഇന്ത്യക്ക് അനായാസം ഫൈനലിന് യോഗ്യത നേടാനാവും. നിലവിൽ ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക ഇന്ത്യയെക്കാൾ ബഹുദൂരം പിന്നിലാണ്.

Similar Posts