ഈ സ്റ്റാർ ബാറ്റർമാർക്ക് ഇനി ബൗളിംഗ് ഡ്യൂട്ടിയും; വമ്പൻ തന്ത്രവുമായി ഇന്ത്യ
|വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് രാത്രി നടക്കും
ഇന്ത്യൻ ടീമിനായി മികച്ച പ്രകടനം നടത്തുന്ന രണ്ട് പുതുമുഖ ബാറ്റർമാർക്ക് ബൗളിംഗ് ഡ്യൂട്ടിയും നൽകാനൊരുങ്ങുന്നു. ബാറ്റിംഗിൽ വെടിക്കെട്ട് തീർക്കുന്ന യശ്വസി ജയ്‌സ്വാൾ, തിലക് വർമ എന്നിവർക്കാണ് ബൗളിംഗ് ചുമതലയും നൽകാൻ ടീം ഇന്ത്യ ഒരുങ്ങുന്നത്. ഇരുവരും ഇപ്പോൾ നടക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിലാണ് ഇന്ത്യക്കായി അരങ്ങേറിയത്. ജയ്‌സ്വാൾ ടോപ് ഓർഡറിൽ ഇന്ത്യയ്ക്കായി തിളങ്ങുമ്പോൾ മധ്യനിരയിലാണ് തിലകിന്റെ തേരോട്ടം. ബാറ്റിംഗിൽ ഇന്ത്യയുടെ വാഗ്ദാനങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇവർക്ക് ബൗളിംഗ് പരിശീലനം കൂടി നൽകി ഔൾറൗണ്ടർമാരാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ബൗളിംഗ് കോച്ചായ പരസ് മാംബ്രേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിലക് വർമയുടെയും യശ്വസി ജയ്‌സ്വാളിന്റെയും ബൗളിംഗ് പാടവം മെച്ചപ്പെടുത്താൻ ടീം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പാർട്ട് ടൈമായി സ്പിൻ ബൗളിംഗ് ചെയ്യാൻ അവർക്ക് കഴിയുമെന്നും കോച്ച് അഭിപ്രായപ്പെട്ടു. ഒരു മത്സരത്തിൽ ചുരുങ്ങിയത് ഒരു ഓവറെങ്കിലും അവർക്ക് ചെയ്യാൻ കഴിയുമെന്നും പറഞ്ഞു.
അണ്ടർ 19 കാലം മുതൽ ഇവർ പന്തെറിയുന്നത് താൻ കാണുന്നുണ്ടെന്നും മികച്ച ബൗളർമാരാണെന്നും ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ അവർക്ക് ബൗളിംഗ് ചെയ്യാനാകുമെന്നും അത് ടീമിന് നേട്ടമാകുമെന്നും പരസ് മത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് രാത്രി നടക്കും. യുഎസിലെ ഫ്‌ളോറിഡയിലാണ് മത്സരം നടക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിൻഡീസ് ജയിച്ചെങ്കിലും മൂന്നാം മത്സരത്തിൽ ഇന്ത്യ തിരിച്ചുവന്നിരിക്കുകയാണ്. അതിനാൽ ഇന്നത്തെ മത്സരവും നിർണായകമാണ്. നിലവിൽ 2-1ന് വിൻഡീസ് തന്നെയാണ് മുമ്പിലുള്ളത്. അതിനാൽ ഏതു വിധേനയും ഇന്നും ജയിക്കാനാകും ഇന്ത്യയുടെ ശ്രമം.
അന്താരാഷ്ട്ര 20 യിൽ അരങ്ങേറ്റം കുറിച്ച ശേഷം കളിച്ച മൂന്നു മത്സരങ്ങളിലും മികച്ച പ്രകടനമാണ് തിലക് വർമ നടത്തിയത്. വിൻഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 22 പന്തിൽ 39, രണ്ടാം ടി20യിൽ 41 പന്തിൽ 51 എന്നിങ്ങനെ തിലക് റൺസടിച്ചു കൂട്ടിയിരുന്നു. മൂന്നാം ടി20യിൽ 37 പന്തിൽ 49 റൺസുമായി ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോററായും താരം മാറി.
അതേസമയം, വിൻഡീസ് പര്യടനത്തിലൂടെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ യശ്വസി ജയ്സ്വാൾ സെഞ്ച്വറി നേടി. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഒരു ഇന്നിംഗ്സിനും 141 റൺസിനും വിജയിച്ചതിന് പിന്നിൽ ജയ്സ്വാളിന്റെ തകർപ്പൻ പ്രകടനത്തിന്റെ (171) പിൻബലമുണ്ടായിരുന്നു. ക്രിക്കറ്റ് ലോകം 21കാരനായ താരത്തെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മൂന്നാം മത്സരത്തിലൂടെ അന്താരാഷ്ട്ര ടി20യിൽ അരങ്ങേറിയ താരത്തിന് ഒരു റൺ മാത്രമാണ് നേടാനായത്.
ഇന്ത്യൻ ബൗളറായ മുകേഷ് ശർമയുടെ പ്രകടനത്തിൽ ബൗളിംഗ് കോച്ച് പരസ് സംതൃപ്തനാണ്. വിൻഡീസ് പര്യടനത്തിൽ ഒരു ടെസ്റ്റും മൂന്നും ഏകദിനങ്ങളും ടി20കളുമാണ് താരം കളിച്ചത്. ഏകദിനത്തിൽ 30/3 അടക്കം നാലും ടി20യിൽ 1/19 അടക്കം രണ്ടും വിക്കറ്റ് 29കാരൻ വീഴ്ത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായാണ് മുകേഷ് കളിക്കുന്നത്.
Indian batsmen Tilak Verma and Yaswasi Jaiwas will be given bowling duties.