ഇന്ത്യൻ ടീം പരിശീലകൻ; വ്യാജനല്ലാത്ത ഒരേയൊരു അപേക്ഷ നൽകിയത് ഈ മുൻ താരം
|മുൻ വിദേശ താരങ്ങളെയടക്കം പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും എല്ലാവരും നിരസിക്കുകയായിരുന്നു
മുംബൈ: രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക റോളിലേക്ക് മാസങ്ങൾക്ക് മുൻപാണ് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചത്. തുടർന്ന് നൂറുകണക്കിന് വ്യജ അപേക്ഷകളെത്തിയതോടെ വലിയ ചർച്ചയുമായി. എന്നാൽ വ്യാജനല്ലാതെയെത്തിയത് ഒരേയൊരു അപേക്ഷയാണെന്ന് റിപ്പോർട്ടുകൾ. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ മാത്രമാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ മുൻ താരം പരിശീലകനായെത്തുമെന്ന കാര്യം ഉറപ്പായി. ക്രിക്കറ്റ് ഉപദേശക സമിതി ഗംഭീറുമായി ഇന്ന് സൂമിൽ ഗംഭീർ കൂടിക്കാഴ്ചയും നടത്തി. വരും ദിവസങ്ങളിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.ജൂലൈ ഒന്നു മുതലാണ് പുതിയ പരിശീലകൻ ചുമതലയേറ്റെടുക്കുക. 2027 വരെയാകും നിയമനം.
GAUTAM GAMBHIR, THE ONLY CANDIDATE TO APPLY FOR INDIAN HEAD COACH POST...!!!
— Johns. (@CricCrazyJohns) June 18, 2024
- The interview will be done today through Zoom Call. [Devendra Pandey from Express Sports] pic.twitter.com/NXtFDJ5hob
നേരത്തെ റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ളെമിങ്, ജസ്റ്റിൻ ലാംഗർ തുടങ്ങിയ വിദേശ പരിശീലകരെ തുടക്കത്തിൽ പരിഗണിച്ചിരുന്നെങ്കിലും ഇവർ സന്നദ്ധത അറിയിച്ചിരുന്നില്ല. ഇതിനിടെ ക്രിക്കറ്റിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതായുള്ള ലാംഗറിന്റെ പ്രസ്ഥാവന വിവാദമാകുകയും ചെയ്തിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ് ലക്ഷ്മണെ സമീപിച്ചെങ്കിലും ലക്ഷ്മണും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഗംഭീറിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായിരുന്ന ഗംഭീർ, ക്ലബിനെ കിരീടത്തിലെത്തിച്ചിരുന്നു. ഫൈനൽ നടന്ന ചെന്നെയിൽ വെച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ്ഷായുമായി ഗംഭീർ കൂടിക്കാഴ്ചയും നടത്തി.
അതേസമയം, പരിശീലക സ്ഥാനത്തേക്ക് ഉപാധികൾ ഗംഭീർ മുന്നോട്ട്വെച്ചിരുന്നു. അത് ബി.സി.സി.ഐ തത്വത്തിൽ അംഗീകരിച്ചതോടെ ചർച്ച മുന്നോട്ട് പോയത്. സപ്പോർട്ട് സ്റ്റാഫായി താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നും അപേക്ഷ നൽകുകയാണെങ്കിൽ തന്നെതന്നെ നിയമിക്കണമെന്നുമാണ് ഗംഭീർ മുന്നിൽവെച്ച പ്രധാന ഉപാധി. ഇതോടെ നിലവിലെ സപ്പോർട്ട് സ്റ്റാഫുകളായ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ, ഫീൽഡിംഗ് കോച്ച് ടി ദിലീപ് എന്നിവർ രാഹുൽ ദ്രാവിഡിനൊപ്പം സ്ഥാനമൊഴിയും. രവി ശാസ്ത്രി പരിശീലകനായിരുന്നപ്പോഴാണ് സഞ്ജയ് ബംഗാറിന് പകരം വിക്രം റാത്തോഡ് ബാറ്റിംഗ് പരിശീലകനായി എത്തിയത്. പിന്നീട് ദ്രാവിഡ് പരിശീലകനായപ്പോഴും റാത്തോഡ് തുടരുകയായിരുന്നു. ഫീൽഡിങ് കോച്ചായി ദക്ഷിണാഫ്രിക്കൻ മുൻ താരം ജോണ്ടി റോഡ്സ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്റ്സിൽ ഗംഭീറും റോഡ്സും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു