ജാർവോ വീണ്ടും ക്രീസിൽ; ഇത്തവണ പാഡും ഹെൽമെറ്റും ധരിച്ച് ബാറ്റ് ചെയ്യാൻ തയാറായി തന്നെ
|ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെയാണ് ജാർവോ ക്രീസിലിറങ്ങിയത്.
ലോർഡ്‌സ് ടെസ്റ്റിൽ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി കളി തടസപ്പെടുത്തിയ ജാർവോ എന്ന ഇന്ത്യൻ ഫാൻ മൂന്നാം ടെസ്റ്റിലും സെക്യൂരിറ്റി ഭേദിച്ച് ഗ്രൗണ്ടിലിറങ്ങി. ഇത്തവണ കുഞ്ഞൻ ബാറ്റുമെടുത്ത് ക്‌നീ പാഡും, ഹെല്‍മെറ്റും ധരിച്ചാണ് ജാർവോ 69 നമ്പറുള്ള ഇന്ത്യൻ ജേഴ്‌സിയിൽ ഗ്രൗണ്ടിലിറങ്ങിയത്.
ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെയാണ് ജാർവോ ക്രീസിലിറങ്ങിയത്. സെക്യൂരിറ്റി ജീവനക്കാർ പിടികൂടും മുമ്പ് തന്നെ പിച്ചിൽ ഗാർഡ് എടുത്ത് ബാറ്റ് ചെയ്യാന്‍ തയാറെടുത്തിരുന്നു ജാർവോ. ജാർവോയെ സെക്യൂരിറ്റി ജീവനക്കാർ ബലമായി പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ആരവങ്ങളോടെയാണ് കാണികൾ പ്രതികരിച്ചത്.
അതേസമയം ഒന്നാം ഇന്നിങ്‌സിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിങ്‌സിൽ ശക്തമായ നിലയിലാണ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 171 എന്ന നിലയിലാണ്. 140 ബോളിൽ 74 റൺസുമായി ചേതേശ്വർ പൂജാരയും 38 പന്തിൽ 21 റൺസുമായി നായകൻ വിരാട് കോലിയുമാണ് ക്രീസീൽ.
156 പന്തിൽ 59 റൺസ് നേടി രോഹിത് ശർമ മികച്ച തുടക്കം നൽകിയെങ്കിലും റോബിൻസണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി അദ്ദേഹം മടങ്ങി. നേരത്തെ 54 പന്തിൽ എട്ടു റൺസുമായി രാഹുൽ നിരാശപ്പെടുത്തിയിരുന്നു. ക്രെയ്ഗ് ഓവർടണിന്റെ പന്തിൽ ബാരിസ്റ്റോയുടെ മികച്ച ഒരു ക്യാച്ചായിരുന്നു രാഹുലിനെ പവലിയനിലേക്ക് തിരികെ നടത്തിയത്. നിലവിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാളും 183 റൺസ് പിറകിലാണ് ഇന്ത്യ.