അഞ്ചിൽ അഞ്ചും ജയിച്ച് ഇന്ത്യൻ വനിതകൾ; ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി
|ഇന്ത്യക്കായി മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റുമായി തിളങ്ങി
സിൽഹത്ത്: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര (5-0) തൂത്തുവാരി ഇന്ത്യൻ വനിതകൾ. അവസാന മത്സരത്തിൽ 21 റൺസിനാണ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 157 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാ പോരാട്ടം 135 റൺസിൽ അവസാനിച്ചു. സ്‌കോർ: ഇന്ത്യ: 20 ഓവറിൽ 156-5,ബംഗ്ലാദേശ്: 20 ഓവറിൽ 135-6. ഇന്ത്യക്കായി രാധ യാദവ് മൂന്നും മലയാളി താരം ആശ ശോഭന രണ്ടും വിക്കറ്റ് വീഴ്ത്തി.
ആദ്യംബാറ്റ് ചെയ്ത ഇന്ത്യ ഹേമലത (28 പന്തിൽ 37), സ്മൃതി മന്ദാന (25 പന്തിൽ 33), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (24 പന്തിൽ 30), റിച്ച ഘോഷ് (17 പന്തിൽ 28) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോറിലേക്കെത്തിയത്.
ബംഗ്ലാദേശിനായി റാബിയ ഖാൻ, നഹിദ അക്തർ എന്നിവർ രണ്ടും സുൽത്താന ഖാത്തൂൻ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങിൽ ആതിഥേയർക്കായി റിഥു മൊനി(37), ഷൊരിഫ ഖാത്തൂൻ(28), റൂബിയ ഹൈദർ(20) എന്നിവർക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം 16ന് ആരംഭിക്കും.