പാക് താരത്തിന്റെ മകളെ താലോലിച്ച് ഇന്ത്യൻ താരങ്ങൾ; കയ്യടിച്ച് സോഷ്യൽ മീഡിയ
|ഇന്ത്യന്‍ താരങ്ങള്‍ പാക് ക്യാപ്റ്റൻ ബിസ്മ മഅ്റൂഫിന്റെ കുഞ്ഞിനെ താലോലിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
ക്രിക്കറ്റ് ലോകത്തെ ചിരവൈരികളുടെ പോരാട്ടങ്ങളിൽ ഏറ്റവും വലിയ പോരാട്ടമേതെന്ന ചോദ്യത്തിന് ആരാധകർ രണ്ടാമതൊന്നാലോചിക്കാതെ മറുപടി പറയുക ഇന്ത്യ- പാക് പോരാട്ടം എന്നാവും. കളിക്കു മുമ്പേ തന്നെ മൈതാനത്തിന് പുറത്ത് വലിയ സംവാദങ്ങൾക്ക് തിരികൊളുത്താറുള്ള ഇന്ത്യ-പാക് പോരാട്ടങ്ങള്‍ എക്കാലവും വൈകാരികം കൂടിയായിരുന്നു. ക്രിക്കറ്റില്‍ മാത്രമല്ല, ഏത് കായിക ഇനത്തിലാണെങ്കിലും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നാല്‍ ആ പോരാട്ടങ്ങള്‍ക്കായി ആരാധകര്‍ കണ്ണും നട്ട് കാത്തിരിക്കാറുണ്ട്.
എന്നാല്‍ കളിക്കളത്തിന് പുറത്ത് ഇന്ത്യ പാക് താരങ്ങളുടെ സൗഹൃദക്കാഴ്ചകള്ക്കും ക്രിക്കറ്റ് ലോകം വേദിയാവാറുണ്ട്. അത് പോലെയൊരു സൗഹൃദക്കാഴ്ചക്കാണ് ന്യൂസിലാന്റിലെ മൗണ്ട് മംഗനുയി കഴിഞ്ഞ ദിവസം വേദിയായത്. വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 107 റൺസിന്റെ തകർപ്പൻ വിജയംനേടിയ ശേഷം ഇന്ത്യൻ താരങ്ങൾ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം പാക് ക്യാപ്റ്റൻ ബിസ്മ മഅ്റൂഫ് തന്റെ കുഞ്ഞുമായി മൈതാനത്തേക്ക് വന്നു. ഇത് കണ്ട ഇന്ത്യൻ താരങ്ങൾ ബിസ്മക്ക് ചുറ്റും കൂടി. ശേഷം ബിസ്മയുടെ കുഞ്ഞിനെ താരങ്ങള്‍ കുറേ നേരം താലോലിച്ചു. ഇന്ത്യൻ താരങ്ങൾ ബിസ്മയുടെ കുഞ്ഞിനെ താലോലിക്കുന്ന ദൃശ്യങ്ങ വൈറലായതോടെ ഇന്ത്യൻ താരങ്ങൾക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.
ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീത് കൗർ, എക്ത ബിഷ്ട്, സ്മൃതി മന്ദാന തുടങ്ങിയവരെയെല്ലാം വീഡിയോ ദൃശ്യത്തിൽ കാണാം. കൃക്കറ്റിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്ന് എന്ന പേരിലാണ് പലരും ദൃശ്യങ്ങൾ പങ്കുവച്ചത്.
മൗണ്ട് മൗംഗനൂയിയിലെ ബേ ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരെ അനായാസ വിജയമാണ് നേടിയത്. അര്‍ധസെഞ്ച്വറി തികച്ച സ്മൃതി മന്ദാന യുടേയും സ്നേഹ് റാണയുടേയും പൂജ വസ്ത്രകറിന്റെയും മികവിൽ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 244 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ പാകിസ്താൻ 137 റൺസിന് കൂടാരം കയറി. ഇത് പതിനൊന്നാം തവണയാണ് പാക് വനിതാ ക്രിക്കറ്റ് ടീം ഇന്ത്യക്കെതിരെ തുടരെ തോൽക്കുന്നത്.