Cricket
malayalam news, indian cricket, icc ranking,
Cricket

എല്ലായിടത്തും ഇന്ത്യ: നീലയിൽ മുങ്ങി ഐ.സി.സി റാങ്കിങ്

Web Desk
|
23 Sep 2023 7:42 AM GMT

ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയാണ് അമരത്തുള്ളത്

ന്യൂഡൽഹി: ഐ.സി.സി പുരുഷ റാങ്കിങ്ങിൽ ഇന്ത്യയുടെ സമഗ്രാധിപത്യം. ഏഷ്യാകപ്പ് ജേതാക്കളായതിന് പിന്നാലെ പുറത്തുവന്ന ഐ.സി.സി റാങ്കിങ്ങിലാണ് ടീം ഇന്ത്യയും താരങ്ങളും ഒരുപോലെ അപ്രമാദിത്യം ഉറപ്പിച്ചത്.

ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയാണ് അമരത്തുള്ളത്. ടെസ്റ്റിൽ ആസ്ട്രേലിയയും ഏകദിനത്തിൽ പാകിസ്താനും ട്വന്റി 20യിൽ ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്.

കൂടാതെ വ്യക്തിഗത റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് ആധിപത്യമുണ്ട്. ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് 889 റേറ്റിങ്ങുമായി ഒന്നാമത് തുടരുന്നു. ട്വന്റി 20 ഓൾറൗണ്ടർ റാങ്കിങ്ങിൽ ഹാർദിക് പാണ്ഡ്യ രണ്ടാമതുണ്ട്. ബംഗ്ലദേശിന്റെ ഷാകിബ് അൽ ഹസനാണ് ഒന്നാമത്.

ഏഷ്യാകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ ഏകദിന ബൗളിങ് റാങ്കിങ്ങിൽ മുഹമ്മദ് സിറാജ് ഒന്നാമനായിരുന്നു. ഏകദിന ബാറ്റിങ് റാങ്ങിൽ ശുഭ്മാൻ ഗിൽ രണ്ടാമതുണ്ട്. പാക് നായകൻ ബാബർ അസമാണ് ഒന്നാമൻ. വിരാട്​ കോഹ്‍ലിയും (ഏഴ്) രോഹിത് ശർമയും (പത്ത്) ആദ്യ പത്തിലുണ്ട്.

ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ രവിചന്ദ്ര അശ്വിനും ടെസ്റ്റ് ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജദേജയും ഒന്നാമൻമാരാണ്. ബൗളിങ് റാങ്കിങ്ങിൽ ജദേജ മൂന്നാമതായും ഓൾറൗണ്ടർമാരിൽ അശ്വിൻ രണ്ടാമതായും നിൽക്കുന്നു. അതേ സമയം ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യക്ക് കാര്യമായ നേട്ടമില്ല. പത്താം സ്ഥാനത്തുള്ള രോഹിത് ശർമയാണ് ബാറ്റിങ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യക്കാരൻ.

Similar Posts